NEWSROOM

തീർപ്പാക്കിയ കേസിൽ ഗൃഹനാഥനെ കസ്റ്റഡിയിൽ എടുത്ത സംഭവം: പരാതിക്കാരനായ അജിയുടെ മൊഴി രേഖപ്പെടുത്തി

പരാതി നൽകിയിട്ടും കേസ് എടുക്കാൻ വൈകുന്നത് ഇന്നലെ ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് മൊഴി രേഖപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്


തീർപ്പാക്കിയ കേസിൽ ഗൃഹനാഥനെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പരാതിക്കാരനായ പള്ളിമൺ സ്വദേശി അജിയുടേയും കുടുംബത്തിൻ്റെയും മൊഴിയെടുത്തു. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.പ്രദീപിൻ്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ചാത്തന്നൂർ സി.ഐ.അനൂപിനെതിരെ കുടുംബം മൊഴി നൽകി. പരാതി നൽകിയിട്ടും കേസ് എടുക്കാൻ വൈകുന്നത് ഇന്നലെ ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് മൊഴി രേഖപ്പെടുത്തിയത്.


വീട്ടിൽ അതിക്രമിച്ച് കയറിയ എല്ലാ പൊലീസുകാർക്കെതിരെയും നടപടി വേണമെന്ന് അജി പറയുന്നു. സി.ഐ.അനൂപിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്തണമെന്ന് അജി കൂട്ടിച്ചേർത്തു. പൊലീസ് സ്റ്റേഷനിൽ കുടിവെള്ളം നൽകാതിരുന്ന വനിതാ ഉദ്യോഗസ്ഥക്കെതിരെയും അജി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.


വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകാത്തത് ദൗർഭാഗ്യകരമെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അജിക്കും കുടുംബത്തിനും നീതി ഉറപ്പാക്കും. അറസ്റ്റിന് പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടന്ന അറസ്റ്റിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ഒത്തുതീർപ്പായ കേസിൽ പൊലീസ് വീട്ടിൽ കയറി അജിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തത്. ഇതിൻ്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടും അന്വേഷണം ഇഴയുകയാണെന്ന ആരോപണവും പിന്നാലെ എത്തിയിരുന്നു.

കൊല്ലം പള്ളിമൺ സ്വദേശി അജിയുടെ വീട്ടിലാണ് നാല് ദിവസം മുമ്പ് രാത്രി ചാത്തന്നൂർ സിഐയും സംഘവും എത്തിയത്. എസ്എച്ച്ഒ അനൂപ് ഉള്‍പ്പെടെ അഞ്ചോളം പൊലീസുകാർ വീടിൻ്റെ മതിൽ ചാടി അകത്തേക്ക് കയറുകയായിരുന്നു. ആക്രോശിച്ചുകൊണ്ട് പൊലീസ് അജിയുടെ വീടിനകത്തു കയറി. കിടക്കുകയായിരുന്ന താൻ എഴുന്നേൽക്കുന്നതിന് മുമ്പ് പിടിച്ചുവലിച്ചിഴച്ചുവെന്നും വസ്ത്രം പോലും മാറ്റാൻ സമയം കൊടുത്തില്ലെന്നും അജി പറഞ്ഞു.

ഇതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഭാര്യയും പെൺമക്കളും നിലവിളിച്ചിട്ടും യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. വസ്ത്രമൊന്നും മാറണ്ടെന്നും വന്നില്ലെങ്കിൽ ഇടിച്ചിട്ട് കൊണ്ടുപോകുമെന്നും പൊലീസ് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഏറെ നേരം അപേക്ഷിച്ച ശേഷമാണ് അജിയെ ഷര്‍ട്ട് ധരിക്കാൻ പോലും പൊലീസുകാര്‍ അനുവദിച്ചത്.

തന്‍റെ പേരിൽ കേസില്ലെന്ന് പറഞ്ഞിട്ടും വീട്ടിൽ കയറി പൊലീസ് അതിക്രമം നടത്തിയെന്നാണ് അജിയുടെ പരാതി. രാത്രി 12 മണിയ്ക്ക് കസ്റ്റഡിയിലെടുത്ത അജിയെ പുലർച്ചെ മൂന്നു മണിയോടെ പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. കേസ് അവസാനിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും വാറണ്ട് നിലവിൽ ഉണ്ടായിരുന്നെന്നുമാണ് ചാത്തന്നൂർ പൊലീസ് നൽകുന്ന വിശദീകരണം.


SCROLL FOR NEXT