NEWSROOM

'കൂടോത്ര'ത്തിൽ മൊഴിയെടുക്കും; പരാതിക്കാരനോട് ഹാജരാകാൻ മ്യൂസിയം പൊലീസ്

കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച്. ഹഫീസാണ് പരാതിക്കാരൻ

Author : ന്യൂസ് ഡെസ്ക്

കെ. സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ മൊഴിയെടുക്കുന്നതിനായി പരാതിക്കാരനോട് ഹാജരാകാൻ മ്യൂസിയം പൊലീസ് നിർദേശം നൽകി. പ്രാഥമികാന്വേഷണത്തിൻ്റെ ഭാഗമായാണ് മൊഴിയെടുപ്പ് നടക്കുക. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച്. ഹഫീസാണ് പരാതിക്കാരൻ. കെ. സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തില്‍ കേസെടുക്കാൻ മ്യൂസിയം പൊലീസിന് നിർദേശം നൽകിയിരുന്നു.

അതിൻ്റെ തുടർനടപടിയായാണ് മൊഴിയെടുക്കാനായി പരാതിക്കാരനോട് ഹാജരാകാൻ മ്യൂസിയം പൊലീസ് നിർദേശം നൽകിയത്. തിരുവനന്തപുരം കൻ്റോൺമെൻ്റ് എസിപിയാണ് പരാതി കൈമാറിയത്. ഏതൊക്കെ വകുപ്പുകൾ ചേർക്കണമെന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനിക്കും. മരണ ഭയം സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ വകുപ്പുകൾ ചുമത്താനും സാധ്യതയുണ്ട്.

നേരത്തെ കെ. സുധാകരൻ്റെ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയത് കൂടോത്രം ചെയ്തതിൻ്റെ അവശിഷ്ടങ്ങളാണെന്ന വാദവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. കെ. സുധാകരൻ്റെ സാന്നിധ്യത്തിലാണ് പറമ്പിൽ നിന്നും വസ്തുക്കൾ കണ്ടെടുത്തത്. കൂടോത്രം തന്നെയാണെന്ന സംശയം കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താനും ഉന്നയിച്ചിരുന്നു. കണ്ണൂർ നാടാലിലെ കെ. സുധാകരൻ്റെ ഔദ്യോഗിക വസതിയിൽ നിന്നുമാണ് കൂടോത്രത്തിനുള്ളതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വ്യത്യസ്ത തകിടുകളും തെയ്യ രൂപങ്ങളും പറമ്പിൽ നിന്നും കണ്ടെടുത്തു.

SCROLL FOR NEXT