ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും തിരിച്ചടി. കാര്‍ഷിക സര്‍വകലാശാല വിസി നിയമനത്തിനായി രൂപികരിച്ച സേര്‍ച്ച് കമ്മിറ്റിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ ഗവര്‍ണര്‍ നിയോഗിച്ച അഞ്ച് സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മിറ്റികള്‍ക്ക് സ്‌റ്റേ വന്നിരിക്കുകയാണ്.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലർ കൂടിയായ ഗവർണർ സേർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച നടപടിക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. സേർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ നടപടിക്കെതിരെ സർക്കാറും സെനറ്റ് അംഗങ്ങളുമാണ് ഹൈകോടതിയെ സമീപിച്ചത്. ചാൻസലർ അടക്കമുള്ളവർക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ട ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വിശദമായ വാദത്തിനായി ഹർജികൾ മാറ്റി.
കേരള ഫിഷറീസ് സർവകലാശാല കേരള/ എംജി മലയാളം സർവകലാശാലയിലെ വി.സി നിയമനത്തിന് ചാൻസലർ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചത് കഴിഞ്ഞ ദിവസം ഇതേ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സെലക്ഷൻ കമ്മിറ്റി സെനറ്റ്, യുജിസി, ചാൻസലർ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെട്ടതാകണം എന്നിരിക്കെ സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്താതെയാണ് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് എന്നാണ് ഹർജിയിൽ പറയുന്നത്.