NEWSROOM

Mummy Juanita| ജുവാനിറ്റയുടെ കഥ അഥവാ സൂര്യന്റെ കന്യക

ശാസ്ത്രം ഓരോ ദിവസവും വലിയ മുന്നേറ്റങ്ങള്‍ നടത്തുന്ന ഈ കാലത്തും ജുവാനിറ്റ പറയുന്ന കഥ പ്രസക്തമാണ്.... ഒരു വഴിക്ക് എഐ വരെ എത്തി നില്‍ക്കുന്ന സാങ്കേതിക മുന്നേറ്റം.. മറ്റൊരു വഴിക്ക് അതേ സാങ്കേതിക വിദ്യകള്‍ അന്ധിവശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ജുവാനിറ്റയേക്കാള്‍ പിന്നിലുള്ള മനുഷ്യരുടെ കൂട്ടം

Author : നസീബ ജബീൻ

മുടിയിഴകള്‍ മനോഹരമായി പിന്നിയിട്ട്, കൈകള്‍ കൂട്ടിക്കെട്ടി ശാന്തമായി ഉറങ്ങുന്ന പെണ്‍കുട്ടി, ഏത് നിമഷവും അവള്‍ ഉറക്കമുണര്‍ന്ന് തന്റെ കഥ പറയുമെന്ന് തോന്നാം. പക്ഷേ അവളുടെ ഉറക്കം തുടങ്ങിയിട്ട് 500 വര്‍ഷം പിന്നിട്ടിരുന്നു. 1995 ലാണ് മഞ്ഞുമൂടിയ ആന്‍ഡീസ് പര്‍വതത്തില്‍ ആറായിരം മീറ്ററിലധികം ഉയരത്തില്‍ നിന്ന് നരവംശ ശാസ്ത്രജ്ഞനായ ജോഹാന്‍ റെയ്ന്‍ഹാര്‍ഡ് അവളെ കണ്ടെത്തിയത്.

പതിനഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ആ പെണ്‍കുട്ടിയെ ജുവാനിറ്റ എന്നും 'ഇന്‍ക ഐസ് മെയ്ഡന്‍' എന്നുമാണ് അദ്ദേഹം വിളിച്ചത്. നൂറ്റാണ്ടുകളായി തുടരുന്ന അവളുടെ ഉറക്കത്തിന് മണ്‍മറഞ്ഞു പോയ വലിയൊരു സാമ്രാജ്യത്തിന്റെയും അവിടെ നടന്ന പല ആചാരങ്ങളുടേയും കഥ പറയാനുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നുവെന്ന് കരുതപ്പെടുന്ന ഇന്‍ക സാമ്രാജ്യത്തിന്റെ കഥ... മനുഷ്യന്‍ നടന്നെത്തിയ ദൂരം എത്രയായിരുന്നുവെന്ന് പറയാന്‍ പ്രകൃതി കാത്തുസൂക്ഷിച്ച പെണ്‍കുട്ടി.

ക്യൂരിയസ് കേസ് ഓഫ് ജുവാനിറ്റ അഥവാ സൂര്യന്റെ കന്യക

ശാസ്ത്രം ഓരോ ദിവസവും വലിയ മുന്നേറ്റങ്ങള്‍ നടത്തുന്ന ഈ കാലത്തും ജുവാനിറ്റ പറയുന്ന കഥ പ്രസക്തമാണ്.... ഒരു വഴിക്ക് എഐ വരെ എത്തി നില്‍ക്കുന്ന സാങ്കേതിക മുന്നേറ്റം.. മറ്റൊരു വഴിക്ക് അതേ സാങ്കേതിക വിദ്യകള്‍ അന്ധിവശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ജുവാനിറ്റയേക്കാള്‍ പിന്നിലുള്ള മനുഷ്യരുടെ കൂട്ടം... അങ്ങനെയൊരു പ്രത്യേക കാലത്താണ് നാം ജീവിക്കുന്നത്. ഇങ്ങ് കേരളത്തില്‍ പോലും നരബലിയിലും സമാധിയിലുമടക്കം ആളുകള്‍ വിശ്വസിക്കുന്നു... ഇതിനെല്ലാം മൂക സാക്ഷിയായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിശ്വാസത്തിന്റെ പേരില്‍ നരബലിക്ക് ഇരയായ ജുവാനിറ്റ കണ്ണുകളടച്ച് ഇരിക്കുന്നു....

ജുവാനിറ്റയുടെ കഥ

ഇന്നത്തെ പെറു, ചിലി, ബൊളീവിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന സാമ്രാജ്യമായിരുന്നു ആന്‍ഡീസ് മലനിരകള്‍ ആസ്ഥാനമാക്കിയുള്ള ഇന്‍കാ വംശം. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പെറുവിലെ മലനിരകളില്‍നിന്ന് ഇന്‍ക സംസ്‌കാരം ഉദിച്ചുയര്‍ന്നിരുന്നു. പല തരത്തിലുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്‍കകള്‍ക്കിടയില്‍ നിലനിന്നിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കാപ്പക്കോച്ച.

രാജവംശത്തിന്റെ നിലനില്‍പ്പിനും അഭിവൃദ്ധിക്കും പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് രക്ഷനേടാനുമൊക്കെയായി കുട്ടികളെ കുരുതികൊടുക്കുന്ന ആചാരമാണ് കാപ്പക്കോച്ച. നരവംശ ശാസ്ത്ര പഠനങ്ങള്‍ അനുസരിച്ച് ആയിരത്തി നാനൂറ്റി നാല്‍പ്പതിനും ആയിരത്തി നാനൂറ്റി അമ്പതിനും ഇടയിലുള്ള കാലഘട്ടത്തില്‍ 13 നും 15 നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് ജുവാനിറ്റയെ ബലി നല്‍കിയത്. അവള്‍ക്ക് അഞ്ചടിയോളം ഉയരവും 35 കിലോ ഭാരവും ഉണ്ടായിരുന്നു. മഞ്ഞുറഞ്ഞ ആന്‍ഡീസില്‍ പര്യവേഷണത്തിനിടെയാണ് ഡോ. റെയ്ന്‍ഹാര്‍ഡും പെറുവിയന്‍ പര്‍വതാരോഹകനായ മിഗ്വല്‍ സരാട്ടെയും ജുവാനിറ്റയെ കണ്ടെത്തുന്നത്.

മഞ്ഞിനടിയില്‍ ജുവാനിറ്റയെ പ്രകൃതി വരും തലമുറയ്ക്കായി നിധി പോലെ കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്നു. അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള മൃതദേഹത്തിന് വലിയ കേടുപാടുകള്‍ ഇല്ല. മുഖവും കൈകളും നഖങ്ങളുമെല്ലാം ആഴ്ചകള്‍ മാത്രം പഴക്കമുള്ളതു പോലെ തോന്നും. ആചാരപരമായ വസ്ത്രവും ശിരോവസ്ത്രവും ധരിച്ചായിരുന്നു ജുവാനിറ്റയെ കണ്ടെത്തിയത്. സെറാമിക് പാത്രങ്ങളും പ്രതിമകളും അവള്‍ക്ക് ചുറ്റും നിരത്തിവെച്ചിരുന്നു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സിടി സ്‌കാനില്‍ ജുവാനിറ്റയുടെ മരണകാരണം തലയുടെ പിന്‍ഭാഗത്തേറ്റ ഗുരുതരമായ പരിക്കാണെന്ന് കണ്ടെത്തി. മനുഷ്യ ചരിത്രത്തിലെ പഴക്കം ചെന്ന നരബലികളില്‍ ഒന്ന്. എന്തെങ്കിലും ലഹരി മരുന്ന് നല്‍കി മുട്ടുകുത്തി നിര്‍ത്തിയ ശേഷം ദൈവങ്ങള്‍ക്കായി ആ പതിനഞ്ചുകാരിയെ തലയ്ക്കടിച്ച് കൊന്നതായിരിക്കാം എന്നാണ് അനുമാനം. ജുവാനിറ്റയെ കണ്ടെത്തുമ്പോള്‍ ശരീരം മുഴുവന്‍ കയര്‍കൊണ്ട് കൂട്ടിക്കെട്ടി മുഖം മറച്ച നിലയിലായിരുന്നു.

കുട്ടികളെ ബലിയര്‍പ്പിക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് സമൂഹത്തില്‍ ബഹുമാനവും കൊല്ലപ്പെടുന്നവര്‍ക്ക് അനിര്‍വചനീയമായ മരണാനന്തര ജീവിതവും ലഭിക്കുമെന്നാണ് ഇന്‍കകള്‍ വിശ്വസിച്ചിരുന്നത്. നരബലിക്ക് ഇരയാകുന്ന കുട്ടി ദൈവമായി മാറുകയും ദൈവത്തിന് മുന്നില്‍ ജനങ്ങളുടെ മധ്യസ്ഥരായി തലമുറകളോളം ആരാധിക്കപ്പെടുകയും ചെയ്യുമത്രേ.

ഇന്‍കാസാമ്രാജ്യത്തിലെ ഊര്‍ജസ്വലരായ കുട്ടികളെയാണ് ബലി നല്‍കാനായി തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഇവരെ വളര്‍ത്താനായി വിശ്വസ്തരായ ആളുകളെ രാജാവ് ഏല്‍പിക്കും. ഏറ്റവും മികച്ച ഭക്ഷണം ഇവര്‍ക്കു കൊടുക്കുന്നുണ്ടെന്നും രാജാവ് ഉറപ്പുവരുത്തും. കുട്ടികള്‍ ദൈവത്തിനടുത്തെത്തുമ്പോള്‍ സന്തോഷമായി പോകണം എന്നായിരുന്നത്രേ ഇതിനു പിന്നിലെ യുക്തി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇപ്രകാരം ഇന്‍കാകള്‍ കുരുതി കൊടുത്തിരുന്നു.

കാപ്പക്കോച്ച നടത്തുന്ന ദിവസം കുട്ടികളെ രാജകീയമായ രീതിയില്‍ വേഷങ്ങളും ആഭരണങ്ങളും ധരിപ്പിച്ച് നഗരം ചുറ്റിച്ച് ആന്‍ഡീസ് നിരകളിലുള്ള വലിയ ഉയരമുള്ള ഗിരിശൃംഗങ്ങളിലേക്ക് കൊണ്ടുപോകും. കൊലയ്ക്കു ശേഷം മൃതശരീരം ആചാരപ്രകാരം മമ്മിയാക്കി സ്വര്‍ണം, വെള്ളി തുടങ്ങിയ അമൂല്യവസ്തുക്കളോടൊപ്പം അടക്കും. ഇത്തരത്തില്‍ കാപ്പക്കോച്ചയ്ക്കു വിധേയരായ കുട്ടികളുടെ മമ്മി പലയിടങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്.

ജുവാനിറ്റയുടെ മുഖം ഗവേഷകര്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ പുനര്‍നിര്‍മിച്ചിരുന്നു. സിലിക്കോണ്‍ കൊണ്ട് നിര്‍മ്മിച്ച പ്രതിമയില്‍ അവളുടെ കവിള്‍ത്തടങ്ങളും, കറുത്ത കണ്ണുകളും, ടാന്‍ ചെയ്ത ചര്‍മ്മവും ജീവനുള്ള കാലത്ത് അവള്‍ എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

'അവള്‍ ജീവിച്ചിരുന്നപ്പോള്‍ അവളുടെ മുഖം എങ്ങനെയിരിക്കുമെന്ന് എനിക്ക് ഒരിക്കലും അറിയാന്‍ കഴിയില്ലെന്നായിരുന്നു ജുവാനിറ്റയെ കണ്ടെത്തിയ റെയ്ന്‍ഹാര്‍ഡിന്റെ പ്രതികരണം. 'ശരീര സ്‌കാനുകള്‍, ഡിഎന്‍എ പഠനങ്ങള്‍, വംശീയ സവിശേഷതകള്‍, പ്രായം, നിറം' എന്നിവ മുഖ പുനര്‍നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.

ഹീബ്രുവിലും സ്പാനിഷിലും ജുവാനിറ്റ എന്ന പേരിന് 'ദൈവത്തില്‍ നിന്നുള്ള സമ്മാനം' എന്നും അര്‍ത്ഥമുണ്ട്. സ്വന്തം മനുഷ്യരാല്‍ കൊല്ലപ്പെട്ട ആ പെണ്‍കുട്ടി ദൈവത്തിനോട് തന്റെ ജനങ്ങള്‍ക്കായി മധ്യസ്ഥം പറഞ്ഞോ എന്ന് അറിയില്ല, പക്ഷേ ഒന്നുമാത്രം അറിയാം, നൂറ്റാണ്ടുകളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന അന്തവിശ്വാസങ്ങളുടേയും ആഭിചാരങ്ങളുടേയും ആദ്യത്തെ ഇരയായിരുന്നില്ല ആ പെണ്‍കുട്ടി... അവളിലൂടെ തുടര്‍ന്ന് ആചാരം പോലെ ഇന്നും അത് തുടരുന്നു.

SCROLL FOR NEXT