NEWSROOM

ഒരു കോടി ആവശ്യപ്പെട്ട് ക്രൂരപീഡനം; 'സ്ത്രീ 2' ഫെയിം മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടു പോയതായി പരാതി

ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് തന്നെ 12 മണിക്കൂറോളം പീഡിപ്പിച്ചുവെന്നും താരം ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

'സ്ത്രീ 2' സിനിമയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടു പോയതായി പരാതി. പരിപാടിയില്‍ പങ്കെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി. സംഭവത്തില്‍ മുഷ്താഖ് ഖാന്‍ പൊലീസില്‍ പരാതി നല്‍കി.

ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് തന്നെ 12 മണിക്കൂറോളം പീഡിപ്പിച്ചുവെന്നും നടൻ ആരോപിച്ചു. നവംബര്‍ 20നായിരുന്നു സംഭവം. മീററ്റില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കണമെന്ന് അറിയിച്ചാണ് അദ്ദേഹത്തെ വിളിച്ചത്. ഇതിനായി അഡ്വാന്‍സ് തുക അക്കൗണ്ടിലേക്ക് ഇടുകയും വിമാന ടിക്കറ്റ് അയച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിയിലെത്തിയ നടനെ മറ്റൊരു സ്ഥലത്തേക്ക് സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നാണ് പരാതി.

കാറില്‍ തനിക്കൊപ്പം ഉണ്ടായിരുന്നവര്‍ക്ക് പുറമെ മറ്റു രണ്ട് പേര്‍ കൂടി കയറി. ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലാക്കിയ മുഷ്താഖ് പ്രതിഷേധിച്ചു. എന്നാല്‍ ഒരു തുണി കൊണ്ട് നടനെ മൂടുകയും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

നടനെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം ഒരു കോടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ വിളിച്ചു. നടന്‍റെയും മകന്റെയും അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്നുമാണ് ആരോപണം.

തട്ടിക്കൊണ്ടു പോയതിന്‍റെ തൊട്ടടുത്ത ദിവസം സംഘം രാവിലെ പുറത്തുപോയ സമയം നോക്കി മുഷ്താഖ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തു.

SCROLL FOR NEXT