NEWSROOM

"മുതലപ്പൊഴിയിൽ സംഘർഷം ഉണ്ടായിട്ടില്ല, ഇത് വിശപ്പിൻ്റെ പ്രശ്‌നം"; സമരസമിതി കൺവീനർ

എന്നാൽ ഉദ്യോഗസ്ഥരെയും ഡ്രഡ്ജിങ് സ്റ്റാഫിനെയും സമരക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തിയും താത്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

മുതലപ്പൊഴിയിൽ ഇന്നലെ സംഘർഷം ഉണ്ടായിട്ടില്ലെന്ന് സമരസമിതി. ആവശ്യം ഉന്നയിച്ച് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് വിശപ്പിന്റെ പ്രശ്നമാണെന്നും സമരക്കാർ പറഞ്ഞു. ഡ്രഡ്ജിംഗ് നിർത്തിയതിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സമരസമിതി വ്യക്തമാക്കി.


ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മത്സ്യത്തൊഴിലാളികളെ വെല്ലുവിളിക്കുകയാണെന്ന് സമരസമിതി കൺവീനർ ബിനു പീറ്റർ പറയുന്നു. ഡ്രഡ്ജർ കൊണ്ടുവന്നിട്ടും സാങ്കേതിക തകരാർ മൂലം നിർത്തി വെക്കേണ്ടിവന്നു. മറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് ഡ്രഡ്ജിംഗ് നടത്തുന്നില്ല. സമരം ചെയ്തിട്ടും ചർച്ചയ്ക്ക് വന്നില്ലെന്നതിൽ മത്സ്യത്തൊഴിലാളികൾ പ്രകോപിതരായി എന്നത് യാഥാർഥ്യമാണ്. എഴുതി തന്നിട്ടും ഡ്രഡ്ജിംഗ് നിർത്തിയത് ശരിയല്ല. മത്സ്യത്തൊഴിലാളികളെ പറഞ്ഞു പറ്റിക്കുകയാണ്. ഇത് വിശപ്പിന്റെ പ്രശ്നമാണെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സമരസമിതി കൺവീനർ പറഞ്ഞു.

അതേസമയം മുതലപ്പൊഴിയിൽ ഇന്ന് ഡ്രഡ്ജിംഗ് നടക്കില്ല. ഉദ്യോഗസ്ഥരെയും ഡ്രഡ്ജിങ് സ്റ്റാഫിനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തിയും താത്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. മുതലപ്പൊഴിയിൽ ഇന്നലെ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും ഉദ്യോഗസ്ഥരെയും സമരക്കാർ തടഞ്ഞു വെച്ചിരുന്നു. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ ആരോപിച്ചു.


SCROLL FOR NEXT