NEWSROOM

"സമരത്തെ അപമാനിച്ചിട്ടില്ല, പറഞ്ഞത് പ്രതിപക്ഷ നേതാവിൻ്റെ സമരത്തെക്കുറിച്ച്": വനം മന്ത്രി

"കടുവയെ വെടിവെച്ചു കൊല്ലണം എന്ന് മുഖ്യമന്ത്രി തന്നെ നിർദേശിച്ചു. ജനങ്ങൾ കൂടെ നിൽക്കണം എന്നാഗ്രഹിക്കുന്നു"

Author : ന്യൂസ് ഡെസ്ക്

വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തെ തുട‍ർന്നുള്ള സമരത്തെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രതിപക്ഷ നേതാവിൻ്റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് താൻ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദ‍ർശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

"പഞ്ചാരക്കൊല്ലിയിലെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് തനിക്ക് പറയാൻ കഴിയില്ല. കടുവയെ വെടിവെച്ചു കൊല്ലണം എന്ന് മുഖ്യമന്ത്രി തന്നെ നിർദേശിച്ചു. ജനങ്ങൾ കൂടെ നിൽക്കണം എന്നാഗ്രഹിക്കുന്നു. തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് താൻ തന്നെ പരിശോധിക്കും. രാധ വനത്തിന് ഉള്ളിലാണ് കൊല്ലപ്പെട്ടത് എന്ന് താൻ പറഞ്ഞിട്ടില്ല," മന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച മന്ത്രി മരിച്ച രാധയുടെ വീട്ടിലെത്തി ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാധയുടെ മകന് വനം വകുപ്പിൽ താൽക്കാലിക വാച്ചറുടെ ജോലി നൽകുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു. രാധയുടെ വീട്ടിലേക്ക് വന്ന മന്ത്രി എ.കെ. ശശീന്ദ്രൻ അസാധാരണ പ്രതിഷേധമാണ് നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാ‍ർ മന്ത്രിയെ വഴി തടഞ്ഞത്.

കടുവ വീണ്ടും ആക്രമിച്ചതോടെ പ്രതിഷേധാഗ്നിയിൽ മുങ്ങിയിരിക്കുകയാണ് പഞ്ചാരക്കൊല്ലി. രാവിലെയോടെയാണ് ദൗത്യത്തിനിറങ്ങിയ RRT അംഗത്തിന് നേരെ കടുവ ചാടിവീണത്. കടുവയുടെ നഖം കൊണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജയസൂര്യയുടെ വലത് കൈക്ക് പരിക്കേറ്റു. ഷീൽഡ് കൊണ്ട് പ്രതിരോധിച്ചതോടെയാണ് കടുവ ഓടിമറഞ്ഞത്.

SCROLL FOR NEXT