കൊച്ചി മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തി സ്കൂള്‍ അധികൃതര്‍. മട്ടാഞ്ചേരി അസി. വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളുമായി ബന്ധപ്പെട്ട രേഖകൾ സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. അനുവദിച്ച സമയപരിധി ഇന്ന് കഴിയാൻ ഇരിക്കെ രേഖകള്‍ ഹാജരാക്കാന്‍ സ്കൂള്‍ അധികൃതര്‍ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ടു. പിന്നാലെ സ്കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധന നടത്താനൊരുങ്ങുകയാണ് എഇഒ.
സംഭവം നടന്ന മട്ടാഞ്ചേരിയിലെ സ്മാർട്ട് കിഡ്സ് പ്ലേ സ്കൂള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അനുമതിയില്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് നടപടിയിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ചോദ്യത്തിന് മറുപടി നല്‍കിയില്ലെന്ന കാരണത്താലാണ് മൂന്നര വയസുകാരനായ വിദ്യാര്‍ഥിയെ അധ്യാപിക സീതാലക്ഷ്മി ചൂരല്‍കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ പുറത്ത് അടിയേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിതാക്കള്‍ അധ്യാപികക്കെതിരെ മട്ടാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. താത്കാലിക ജീവനക്കാരിയായ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചു. കേസില്‍ അധ്യാപികയ്ക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.