കോഴിക്കോട് വടകരയിൽ പോക്കറ്റ് മണി കിട്ടുമെന്ന വാഗ്ദാനത്തിൽ തട്ടിപ്പ് സംഘത്തിൻ്റെ കെണിയിൽ കുരുങ്ങി വിദ്യാർഥികൾ. വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തിയത്. വിദ്യാർഥികൾക്ക് പണം നൽകി ബാങ്ക് വിവരങ്ങൾ കൈക്കലാക്കിയ ശേഷമായിരുന്നു പണം തട്ടിയത്. വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.
മധ്യപ്രദേശ് പൊലീസിൻ്റെ അറസ്റ്റിന് പിന്നാലെയാണ് തട്ടിപ്പിൻ്റെ ഗൗരവം വിദ്യാർഥികൾക്കും മനസ്സിലാകുന്നത്. വിദ്യാർഥികളിൽ വിശ്വാസം നേടിയെടുക്കുന്ന പ്രതികൾ ഇവരെ കൊണ്ട് ആദ്യം ബാങ്ക് അക്കൗണ്ട് തുറപ്പിക്കും. അക്കൗണ്ട് വിവരങ്ങളും എടിഎം പിൻ നമ്പറും കൈമാറിയാൽ വിദ്യാർഥികൾക്ക് പതിനായിരം രൂപ വരെ കമ്മീഷൻ നൽകുമെന്നാണ് ഓഫർ.
സൈബർ തട്ടിപ്പിലൂടെയും മറ്റും ലഭിക്കുന്ന പണമാണ് വിദ്യാർഥികളുടെ അക്കൗണ്ടിലേക്കെത്തുന്നത്. ഇത് പിൻവലിക്കുന്നത് തട്ടിപ്പ് സംഘം തന്നെ. പക്ഷേ പിൻവലിക്കുന്നത് രാജ്യത്തിൻ്റെ പുറത്ത് നിന്നായത് കൊണ്ട് പ്രതികളെ കണ്ടെത്താൻ കഴിയുക എന്നത് പ്രായോഗികമല്ല. ഇതോടെ പൊലീസ് അന്വേഷണം എത്തിപ്പെടുന്നത് അക്കൗണ്ട് എടുത്ത് നൽകിയ വിദ്യാർഥികളിലേക്ക് മാത്രമാവും. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുകയാണ് പ്രദേശത്തെ സാമൂഹ്യ പ്രവർത്തകർ. ഇത്തരം തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകമായതോടെ തികഞ്ഞ ജാഗ്രത വേണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.