കണ്ണൂർ പാനൂരിൽ വീണ്ടും പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ടാക്സി ഡ്രൈവർമാരും, വ്യാപാരികളും ഇടപെട്ടാണ് വലിയ സംഘർഷം ഒഴിവാക്കിയത്. പാനൂരിൽ ഇത് മൂന്നാം തവണയാണ് വിദ്യാർഥികൾ ഏറ്റുമുട്ടുന്നത്. ഇത്തരം സംഭവങ്ങളിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
കെ.കെ.വി.എം എച്ച്.എസ്.എസിലെ പ്ലസ് വൺ - പ്ലസ് ടു വൺ വിദ്യാർത്ഥികളാണ് തിങ്കളാഴ്ച ഉച്ചയോടെ തമ്മിലടിച്ചത്. ടൗൺ ജംഗ്ഷനിൽ ഹെൽമറ്റ് അടക്കമുള്ള സാധനങ്ങൾ ഉപയോഗിച്ചായിരുന്നു സീനിയർ -ജൂനിയർ തമ്മിലടി. സമീപത്തെ ടാക്സി ഡ്രൈവർമാരും, വ്യാപാരികളും ചേർന്നാണ് വിദ്യാർത്ഥികളെ പിടിച്ചു മാറ്റിയത്. ഇതിനിടെ ടാക്സി ഡ്രൈവർ ഇ. മനീഷിന് ഹെൽമറ്റ് കൊണ്ടുള്ള അടിയുമേറ്റു. അധ്യായനം തുടങ്ങി ആദ്യ പാദം പൂർത്തിയായിട്ടും റാഗിംഗ് മോഡലിൽ തുടങ്ങുന്ന സംഘർഷങ്ങൾ പാനൂർ ടൗണിൽ ജനങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസ്സമാകുന്ന വിധത്തിൽ പോലും വ്യാപിക്കുകയാണ് .
രണ്ടാഴ്ച മുമ്പ് തൊട്ടടുത്ത പി.ആർ.എം.എച്ച്.എസ് എസിലെ പ്ലസ് ടു - പ്ലസ് വൺ വിദ്യാർഥികൾ തമ്മിലും ഏറ്റുമുട്ടിയിരുന്നു. സംഘർഷങ്ങൾ തടയാൻ ജാഗ്രതാ സമിതിയും, പൊലീസും ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്. സംഘർഷങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനാണ് തീരുമാനമെന്ന് പാനൂർ എസ്ഐ രാംജിത്ത് അറിയിച്ചു. സ്കൂളിലെത്തിയ പൊലീസ് സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ശാസിക്കുകയും ചെയ്തു.