കണ്ണൂർ ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാതെ നിരവധി വിദ്യാർത്ഥികൾ. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് 25 ഓളം കുട്ടികൾ പരീക്ഷകൾക്ക് എത്താത്തത്. സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിലും വിജയ ശതമാനത്തിലും വലിയ കുറവുണ്ടാകുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ തുടർ പഠനം ലക്ഷ്യമിട്ട് 2019 ലാണ് ആറളത്ത് പ്ലസ് വൺ- പ്ലസ് ടു ബാച്ചുകൾ അനുവദിച്ചത്. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ ഓരോ ബാച്ചുകളിലായി ആകെ 130 സീറ്റുകളാണ് അനുവദിച്ചത്. 2019 -21 അധ്യായനവർഷം 38% ആയിരുന്നു വിജയം. 2021- 23 അധ്യയന വർഷത്തിൽ 35 ശതമാനമായും 2022 -24 വർഷം 27 ശതമാനമായും ഇത് കുറഞ്ഞു.
ഇതിന് പിന്നാലെയാണ് പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നത്. 2024 - 26 അധ്യയന വർഷം 96 പേർ അഡ്മിഷൻ എടുത്തെങ്കിലും മറ്റ് സ്കൂളുകളിലേക്ക് മാറിപ്പോയവരെ ഒഴിവാക്കി 84 വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 61 പേർ മാത്രമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 23 കുട്ടികൾ പരീക്ഷയെഴുതാൻ എത്തിയില്ല. ഇവരിൽ ഭൂരിഭാഗവും പുനരധിവാസ മേഖലയിൽ നിന്നുള്ളവരാണ്. പക്ഷേ പ്ലസ് ടു വിന് 65 പേർ രജിസ്റ്റർ ചെയ്തതിൽ ഒരാൾ ഒഴികെ എല്ലാവരും പരീക്ഷക്കെത്തിയെന്നത് അധ്യാപകർക്ക് ആശ്വാസം.
അടിസ്ഥാന സൗകര്യത്തിന്റെ കുറവും സ്ഥിരം അധ്യാപകരെ നിയമിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട് . 7 സീനിയർ അധ്യാപകരും ഒരു പ്രിൻസിപ്പാളും മൂന്ന് ജൂനിയർ അധ്യാപകരുമടക്കം 11 അധ്യാപകരെ വേണ്ടിടത്ത് പ്രിൻസിപ്പൽ തസ്തിക സൃഷ്ടിച്ചതല്ലാതെ സ്ഥിര അധ്യാപകരെ നിയമിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ലാബ് സൗകര്യങ്ങളോ കെട്ടിട സൗകര്യങ്ങളോ പൂർത്തിയാക്കിയിട്ടുമില്ല. ഹയർസെക്കൻഡറി വിഭാഗത്തിനായി കോടികൾ മുടക്കി കെട്ടിടം പണിതെങ്കിലും ഹൈസ്‌കൂൾ കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും അദ്ധ്യയനം. സേവന കാലാവധി അവസാനിച്ചെങ്കിലും വേതനമില്ലാതെ താൽക്കാലിക അധ്യാപകർ വിദ്യാർത്ഥികളെ പരീക്ഷക്കൊരുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അധികൃതരുടെ ഒരു ശ്രദ്ധയും ഇവരുടെ കാര്യത്തിൽ ഉണ്ടാകുന്നില്ലെന്നാണ് വാസ്തവം.