NEWSROOM

ഞങ്ങളുണ്ട് കൂടെ; മരണാനന്തര അവയവദാന സമ്മതപത്രം നൽകി സെൻ്റ് തെരേസാസ് കോളേജ് വിദ്യാർഥികൾ

കഡാവർ ഡോണറിൻ്റെ കരൾ ആയിരുന്നു മാറ്റിവെച്ചിരുന്നതെങ്കിൽ തങ്ങളുടെ കൂട്ടുകാരിയുടെ അതിജീവന സാധ്യത കൂടുതലാകുമായിരുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് വിദ്യാ‍ർഥികൾ ഈ ഉദ്യമത്തിന് കൈകോ‍ർത്തത്

Author : ന്യൂസ് ഡെസ്ക്

മരണാനന്തരം അവയവദാനം എന്ന ആശയത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണയാണ് സമൂഹത്തിലെമ്പാടും നിലനിൽക്കുന്നത്. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ കഴിഞ്ഞ വ‍ർഷം 268 കഡാവ‍ർ (മരണാനന്തര) അവയവ ഡൊണേഷൻ ആണ് നടന്നിട്ടുള്ളത്. നൂറ് ശതമാനം സാക്ഷരതയുള്ള നമ്മുടെ സംസ്ഥാനത്ത് നടന്നത് 10 എണ്ണം മാത്രമാണ്. അവബോധമില്ലായ്മയാണ് പ്രധാനമായും ഈ പ്രവണതയ്ക്ക് കാരണം. എന്നാൽ, മറ്റുള്ളവ‍ർക്ക് ഈ ശ്രേഷ്ഠമായ പ്രവ‍ർത്തിക്ക് പ്രചോദനമാകാൻ അവയവദാനത്തിൻ്റെ സ്വയം വക്താക്കളായി ഒരു വിപ്ലവം തന്നെ കുറിച്ചിരിക്കുകയാണ് പുതുതലമുറ. കാലഘട്ടത്തിൻ്റെ ആവശ്യകതയായി കണ്ട് മരണാനന്തരം അവയവദാന സമ്മതപത്രം നൽകി സമൂഹത്തിന് മാതൃകയാകുകയാണ് എറണാകുളം സെൻ്റ് തെരേസാസ് കോളേജിലെ വിദ്യാ‍ർഥികളും അധ്യാപകരും.

സെൻ്റ് തെരേസാസ് കോളേജ് വിദ്യാ‍ർഥിയും കോളേജ് മുൻ ചെയർപേഴ്സണുമായ നികിത നയ്യാ‍ർ കഴിഞ്ഞ മാസം 25ന് വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയെ തുട‍ർന്ന് മരണപ്പെട്ടിരുന്നു. രണ്ട് വട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് ശേഷമായിരുന്നു നികിത നയ്യാറിൻ്റെ മരണം. ലിവിങ് ഡോണറിൻ്റെ പാതി കരളിന് പുറമെ ഒരു കഡാവ‍ർ ഡോണറിൻ്റെ കരൾ ഭാ​ഗം കൂടി അവർക്ക് ആവശ്യമുണ്ടായിരുന്നു. മാസങ്ങളോളം ലിസ്റ്റിലുണ്ടായിട്ടും അവർക്കത് ലഭിച്ചില്ല. മരണാനന്തരം ദാനം ചെയ്യപ്പെട്ടയാളുടെ കരൾ ആയിരുന്നു മാറ്റിവെച്ചിരുന്നതെങ്കിൽ തങ്ങളുടെ കൂട്ടുകാരിയുടെ അതിജീവന സാധ്യത കൂടുതലാകുമായിരുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് വിദ്യാ‍ർഥികൾ ഈ ഉദ്യമത്തിന് കൈകോ‍ർത്തത്.

ലിവ‍ർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്) യുടെ ആത്മതാളം പദ്ധതിയുമായി ചേ‍ർന്നാണ് കോളേജിലെ നൂറാം വാ‍ർഷിക പരിപാടിയോടനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റും സ്റ്റുഡൻ്റ്സ് യൂണിയനും മുൻകയ്യെടുത്ത് ഇത്തരത്തിൽ ഒരു പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മാതാപിതാക്കളിൽ നിന്നും മറ്റും വലിയ എതി‍ർപ്പ് ഇതുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്നുവെങ്കിലും, അവർക്കും കൃത്യമായി അവബോധം നൽകിക്കൊണ്ട് വിദ്യാ‍ർഥികളുടെ നിശ്ചയദാ‍ർഢ്യം തന്നെ വിജയിക്കുകയായിരുന്നു. അവയദാനത്തിൻ്റെ മഹത്വമറിഞ്ഞ വിദ്യാർഥികളുടെ പ്രതിജ്ഞ അധ്യാപകരും പല വിദ്യാ‍ർഥകളുടെയും മാതാപിതാക്കളും ഏറ്റെടുത്തു.

തങ്ങളുടെ മകളുടെ വിയോ​ഗത്തിന് കാരണമായത് സംസ്ഥാനത്ത് മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ടുള്ള തെറ്റായ ധാരണകളും സിനിമകളുമാണെന്ന് മരിച്ച നികിതയുടെ മാതാപിതാക്കളായ നമിതയും ഡോണിയും ഈ ഉദ്യമത്തോട് പ്രതികരിക്കുന്നതിൻ്റെ വീഡിയോ കോളേജ് എൻഎസ്എസ് യൂണിറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിന് മാറ്റമുണ്ടാക്കുന്നതിൻ്റെ ഭാ​ഗമായി വലിയ ചുവടുവെപ്പാണ് കോളേജിലെ വിദ്യാർഥികൾ നടത്തുന്നതെന്നും നികിതയുടെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു.

മരണാനന്തരം എല്ലാ അവയവങ്ങളും ദാനം ചെയ്യണമെന്നതായിരുന്നു നികിതയുടെ ആ​ഗ്രഹം. എന്നാൽ, രോ​ഗബാധ മൂലമുണ്ടായ പ്രശ്നങ്ങൾ കൊണ്ട് അവ‍ർക്ക് അതിന് സാധിച്ചില്ല. എന്നാൽ, ദാനം ചെയ്യപ്പെട്ട അവളുടെ കണ്ണ് ഇന്ന് മറ്റൊരാൾക്ക് വെളിച്ചമാകുന്നുണ്ട്. നികിതയുടെ ആശയത്തെ ഏറ്റെടുത്ത സഹപാഠികളും അധ്യാപകരും രാജ്യത്തെ തന്നെ ഏറ്റവും വലിയ അവയവദാന സന്നദ്ധത യജ്ഞത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

SCROLL FOR NEXT