തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്എസ്എസ് Source: News Malayalam 24x7
NEWSROOM

വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടീച്ചു; ദേശീയഗാനത്തിനിടെ പുറത്തിറങ്ങിതിനുള്ള ശിക്ഷയെന്ന് അധ്യാപികയുടെ വിശദീകരണം

തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്എസ്എസിലാണ് സംഭവം.

Author : ന്യൂസ് ഡെസ്ക്

ദേശീയഗാനത്തിനിടെ പുറത്തിറങ്ങിയതിന് അധ്യാപിക വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടീച്ചു. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്എസ്എസിലാണ് സംഭവം. അധ്യാപികയായ ദരീഫയ്ക്കെതിരെയാണ് പരാതി.

ദേശീയഗാനത്തിനിടെ പുറത്തിറങ്ങിയതിനാണ് പൂട്ടിയിട്ടതെന്ന് ആരോപണവിധേയയായ അധ്യാപികയുടെ വിശദീകരണം. സ്കൂളിൽ ഇത്തരമൊരു സംഭവം നടന്നതായി പ്രധാനാധ്യാപിക ന്യൂസ് മലയാളത്തോട് പറഞ്ഞു.

സംഭവം നടന്ന ആദ്യഘട്ടത്തിൽ അധ്യാപികയോട് വിശദീകരണം തേടിയിരുന്നില്ല. സ്കൂളിൽ പിടിച്ചുവെച്ചതിന് പിന്നാലെ ചില കുട്ടികൾക്ക് ബസ് കിട്ടാതെ വന്നതിനാൽ വീട്ടിലെത്താൻ വൈകിയ കാരണം രക്ഷിതാക്കൾ അറിഞ്ഞതിന് പിന്നാലെയാണ് അധ്യാപികയോട് വിശദീകരണം ചോദിച്ചത്.

ക്ലാസിലുണ്ടായ കാര്യം കുട്ടികൾ വീട്ടികാരോട് വെളിപ്പെടുത്തി. സ്കൂളിൻ്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലടക്കം വിഷയം ഉന്നയിച്ചു. എന്നാൽ സ്കൂൾ അധികൃതർ ഇത് പരിഗണിച്ചില്ല എന്ന ആരോപണവും രക്ഷിതാക്കൾ പറയുന്നു.

രക്ഷിതാക്കൾ വ്യാപകമായി പ്രതിഷേധിച്ച സാഹചര്യത്തിൽ ഹെഡ് മിസ്ട്രസ് അധ്യാപികയോട് വിശദീകരണം തേടുകയായിരുന്നു. അധ്യാപിക കുറ്റം സമ്മതിക്കുകയും മാപ്പെഴുതി കൊടുക്കുകയും ചെയ്തു.

ഒരു വർഷമേ ആയിട്ടുള്ളൂ അധ്യാപിക സ്കൂളിലെത്തിയിട്ട്. അതിൻ്റെ പരിചയക്കുറവ് ഉണ്ടെന്ന ന്യായീകരണമാണ് പ്രധാനാധ്യാപിക നൽകുന്നത്. വിഷയം സംബന്ധിച്ച റിപ്പോർട്ട് സ്കൂൾ എച്ച്എം ഡിഎംഒയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.

SCROLL FOR NEXT