NEWSROOM

ഉരുളെടുത്ത വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾക്കായി 668 പഠന കിറ്റുകൾ; വയനാടിനായി കൈകോർത്ത് മലപ്പുറത്തെ സ്കൂളുകൾ

ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 668 കിറ്റുകളാണ് കുട്ടികൾക്കായി നൽകിയത്

Author : ന്യൂസ് ഡെസ്ക്

വയനാട്ടിൽ ഉരുളെടുത്ത നാടും വീടും വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി നാടാകെ മുന്നേറുമ്പോൾ കുട്ടികളുടെ പഠനത്തിനും വഴി ഒരുങ്ങുകയാണ്. വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾക്കായി മലപ്പുറം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ 668 പഠന കിറ്റുകൾ കൈമാറി.

ജില്ലയിലെ ഓരോ ഹൈസ്കൂളിൽ നിന്നും പരമാവധി മൂന്ന് കിറ്റുകൾ എന്ന തോതിലാണ് നാല് വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 668 കിറ്റുകൾ ശേഖരിച്ചത്. ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 668 കിറ്റുകളാണ് കുട്ടികൾക്കായി നൽകിയത്. പഠന കിറ്റ് വഹിച്ചുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. റീബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായാണ് വെള്ളാർമല ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ പഠനത്തിനായി മലപ്പുറം ജില്ലയിലെ സ്കൂളുകൾ പഠന കിറ്റുകള്‍ കൈമാറിയത്.

ബാഗ്, ഇൻസ്ട്രുമെന്‍റ് ബോക്സ്, കുട, 10 നോട്ട് ബുക്കുകൾ, സ്റ്റീൽ വാട്ടർ ബോട്ടിൽ, സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ്, രണ്ട് പെൻസിലുകൾ, രണ്ട് പേന, കളർ ക്രയോൺസ് എന്നിവയാണ് ഓരോ കിറ്റിലും അടങ്ങിയിട്ടുള്ളത്. ഈ മാസം ആറിന് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൽപറ്റയിൽ നടന്ന പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ റീ ബിൽഡ് വയനാട് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് കിറ്റുകൾ തയ്യാറാക്കി നൽകിയത്.

SCROLL FOR NEXT