ആലപ്പുഴ കലവൂരിൽ വെച്ച് എറണാകുളം കടവന്ത്ര സ്വദേശിയായ സുഭദ്രയെ കൊലപ്പെടുത്തിയത് മോഷ്ടിച്ച സ്വർണം തിരികെ ചോദിച്ചതിൻ്റെ പേരിലെന്ന് പ്രതികളുടെ മൊഴി. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെയാണ് സുഭദ്രയെ കൊല്ലപ്പെടുത്തിയതെന്നും, ഇതിന് മുമ്പും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളായ മാത്യൂസ് (നിധിന്‍), ഭാര്യ ശർമിള എന്നിവരെ മണിപ്പാലിൽ നിന്ന് യാത്ര മധ്യേയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മാത്യൂസിന്‍റെ സുഹൃത്ത് റെയ്നോൾഡും കേസില്‍ പ്രതിയാണ്.
സുഭദ്രയുടെ കൈവശമുള്ള സ്വർണം കവരുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി മാത്യൂസിന്‍റെ ബന്ധുവും സുഹൃത്തുമായ റെയ്നോൾഡിന്‍റെ സഹായം തേടി. ഇയാളാണ് ദമ്പതികൾക്ക് സുഭദ്രയെ മയക്കി കിടത്താനുള്ള മരുന്ന് നൽകുന്നത്. മയങ്ങിയ സുഭദ്രയിൽ നിന്നും ആഗസ്റ്റ് 4ന് മൂവരും ചേർന്ന് സ്വർണം കൈക്കലാക്കി. വിവരം മനസിലായതോടെ സുഭദ്ര പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞു. ഇതോടെ സുഭദ്രയെ കൊല്ലാൻ മാത്യൂസും ശർമിളയും തീരുമാനിച്ചു. ആഗസ്റ്റ് 7 ന് ഉച്ചയോടെയാണ് സുഭദ്രയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുന്നത്.
ALSO READ: സുഭദ്ര കൊലപാതകം: മാത്യുവിൻ്റെ ബന്ധു റെയ്നോൾഡിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
ഇതിന് മുൻപും സുഭദ്രയെ കൊലപ്പെടുത്താൻ പ്രതികൾ ശ്രമിച്ചിട്ടുണ്ട്. കടവന്ത്രയിലെ വീട്ടിൽ വെച്ച് ശ്രമം നടന്നെങ്കിലും പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. കേസിൽ ഒടുവിൽ അറസ്റ്റിലായ റെയ്നോൾഡിന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും, ആസൂത്രണത്തിൽ അടക്കം പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച മണ്ണഞ്ചേരി പോലീസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. ഏഴാം തീയതി സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.