ആലപ്പുഴ കലവൂരിൽ 73 കാരിയായ സുഭദ്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കർണാടക സ്വദേശിനിയായ ശർമിള, ഭർത്താവ് മാത്യൂസ് എന്നിവരെ ഇന്ന് ആലപ്പുഴയിൽ എത്തിക്കും. കഴിഞ്ഞദിവസമാണ് പ്രതികളെ പിടികൂടുന്നത്. ഉഡുപ്പിയിൽ നിന്ന് ഏഴ് കിലോ മീറ്റർ അകലെയുള്ള മണിപ്പാലിൽ നിന്ന് യാത്ര മധ്യേയാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. ആലപ്പുഴ എത്തിച്ച ശേഷമാകും ഇരുവരെയും വിശദമായി ചോദ്യം ചെയ്യുക.
മൃതദേഹം കണ്ടെത്തിയ സെപ്റ്റംബർ 10 ചൊവ്വാഴ്ച്ചയാണ് പ്രതികൾ കടന്നത്. അതുവരെ എറണാകുളത്ത് ആണ് ഇവർ ഒളിവിൽ കഴിഞ്ഞത്. പിന്നീട് ട്രെയിൻ മാർഗം ഉഡുപ്പിയിലേക്ക് പോയി. ശർമിളയും, മാത്യൂസും സ്വന്തം നാട്ടിലേക്ക് പോകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഉഡുപ്പിയിൽ അന്വേഷണം ഊർജ്ജിതമാക്കിയത്.
ALSO READ: സുഭദ്രയുടെ കൊലപാതകം:നിർണായക വിവരങ്ങൾ പുറത്ത്; കൊലപാതകം ആസൂത്രിതമോ?
52 വയസ്സ് പ്രായമുള്ള ശർമിള 32 വയസ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് മാത്യൂസിനെ വിവാഹം കഴിച്ചത്. മാത്യൂസിനെക്കാൾ രണ്ട് വയസ്സ് ഇളയതാണ് ശർമിള എന്നാണ് ബന്ധുക്കളും വിശ്വസിച്ചിരുന്നത്. മാത്യൂസിന്റെ വിദ്യാഭ്യാസം ഏഴാം ക്ലാസ് മാത്രമാണ് എന്നാൽ ശർമിളയ്ക്ക് ഇന്ത്യയിലെ ഏഴു ഭാഷകൾ അറിയാമെന്നാണ് പൊലീസ് പറയുന്നത്.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കൊല നടത്തിയത് എന്നാണ് പൊലീസ് നിഗമനം. എന്നാൽ എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. സുഭദ്രയുടെ സ്വർണം മാത്രമായിരുന്നോ പ്രതികളുടെ ലക്ഷ്യം എന്നാണ് പൊലീസിന്റെ സംശയം. പ്രതികളെ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.
ALSO READ: സുഭദ്രയുടേത് അതിക്രൂര കൊലപാതകം: വാരിയെല്ലുകൾ പൂർണമായും തകർന്നു, കഴുത്തും കൈയ്യും ഒടിഞ്ഞ നിലയിൽ
കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് കാട്ടൂരിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.