NEWSROOM

കലാപം അവസാനിക്കാത്ത സുഡാൻ; 500 ദിവസങ്ങൾക്കിപ്പുറവും തുടരുന്ന അരക്ഷിതാവസ്ഥ

2023 ഏപ്രിലിലാണ് വംശീയ കലാപങ്ങൾ തുടർകഥയായ സുഡാനിൽ, ഇത്രയധികം അരക്ഷിതാവസ്ഥയുണ്ടാക്കിയ കലാപം പൊട്ടിപ്പുറപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ആഫ്രിക്കന്‍-അറബ് രാജ്യമായ സുഡാനിലെ ആഭ്യന്തര കലാപം 500 ദിവസം പിന്നിടുന്നു. അധികാരത്തിനുവേണ്ടി സെെന്യവും അർദ്ധ സെെനിക വിഭാഗവും നടത്തുന്ന പോരാട്ടത്തില്‍ ഇതുവരെ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

2023 ഏപ്രിലിലാണ് വംശീയ കലാപങ്ങൾ തുടർകഥയായ സുഡാനിൽ, ഇത്രയധികം അരക്ഷിതാവസ്ഥയുണ്ടാക്കിയ കലാപം പൊട്ടിപ്പുറപ്പെട്ടത്. സുഡാൻ സെെന്യമായ സുഡാനീസ് ആർമ്ഡ് ഫോഴ്സ് (എസ്എഎഫ്) തലവന്‍- അബ്ദുള്‍ ഫത്താഹ് അൽ-ബുർഹാനും, അർദ്ധസെെനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് തലവന്‍ ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള വർഷങ്ങൾ നീണ്ട അധികാര പോരാട്ടത്തിന്‍റെ ഫലമാണ് ഈ യുദ്ധം.

ALSO READ: യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ; മിസൈലാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു

2019ല്‍ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ പ്രസിഡൻ്റ് ഒമർ അൽ-ബഷീറിന്‍റെ സ്വേച്ഛാദിപത്യ ഭരണം അട്ടിമറിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജനാധിപത്യഭരണം സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി, സെെനിക പിന്തുണയോടെ- അബ്ദല്ല ഹംദോക്കിന്‍റെ നേതൃത്വത്തില്‍ താത്കാലിക സർക്കാർ അധികാരത്തിലേറി. എന്നാല്‍ 2021 ഒക്ടോബറിൽ ബുർഹാനും ദഗാലോയും സംയുക്ത പട്ടാളനീക്കത്തിലൂടെ ഈ സർക്കാരിനെ അട്ടിമറിച്ചു. ഇതോടെയാണ് രാജ്യതലവനായി ബുർഹാനും രണ്ടാമനായി ദഗാലോയും അധികാരത്തിലേറിയത്.2023 ജൂലൈയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും ഇവർ അവകാശപ്പെട്ടു.

സുഡാനിലെ ജനങ്ങൾ

എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പേ ഇരുസംഘങ്ങളും രണ്ടുതട്ടിലായി. ആർഎസ്എഫിനെ സെെന്യത്തില്‍ സംയോജിപ്പിക്കുന്നതും, അധികാരം പങ്കിടുന്നതും സംബന്ധിച്ച തർക്കങ്ങളായിരുന്നു ഇതിന് കാരണം. ഇതിനിടെ 2023ലെ റമദാന്‍ ദിനമായ, ഏപ്രില്‍ 15 ന് രാജ്യവ്യാപകമായി ആർഎസ്എഫ് സായുധ സംഘത്തെ വിന്യസിച്ച ദഗാലോയുടെ നീക്കം യുദ്ധപ്രഖ്യാപനമായി.


വ്യാപക യുദ്ധ കുറ്റകൃത്യങ്ങള്‍ക്കും പാലായനത്തിനുമാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. ഇക്കഴിഞ്ഞ ജൂൺ മാസം മുതൽ തലസ്ഥാന നഗരമായ സിംഗ ഉൾപ്പെടെ സിന്നാർ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ആർഎസ്എഫും, കിഴക്കൻ സിന്നാർ മേഖല നിയന്ത്രിക്കുന്നത് സെെന്യവുമാണ്.

യുദ്ധത്തിൻ്റെ ദൃശ്യങ്ങൾ

ഇതുവരെ 20,000 ലധികം പേർ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ സന്നദ്ധസംഘടകള്‍ പുറത്തുവിട്ട മരണസംഖ്യ 40,000 ത്തോളമാണ്. യുഎൻ റിപ്പോർട്ടുപ്രകാരം, സുഡാന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന 2.5 കോടി പേരെ യുദ്ധം നേരിട്ട് ബാധിച്ചു. 40 ലക്ഷം കുട്ടികളടക്കം, 90 ലക്ഷത്തിനടുത്ത് സുഡാനി ജനത കുടിയൊഴിക്കപ്പെട്ടു. കടുത്ത ഭക്ഷ്യക്ഷാമത്തിന് പുറമെ, ചികിത്സാസംവിധാനങ്ങളില്ലാതെ വലയുന്നത് 4 കോടിയോളം ജനങ്ങളാണ്.

കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയായി ആഭ്യന്തര കലാപം മാറുമ്പോഴും, അന്താരാഷ്ട്ര ശ്രദ്ധ സുഡാനിലേക്ക് എത്തുന്നില്ല എന്നാണ് ഗാർഡിയന്‍ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ജനീവയിലേത് അടക്കം സമാധാന ചർച്ചകള്‍ പരാജയപ്പെടുമ്പോള്‍, ആർഎസ്എഫിന് ആയുധസഹായമടക്കം നല്‍കുന്ന യുഎഇയുടെ ഇടപെടല്‍ ചർച്ചയാക്കുന്നതില്‍ ഐക്യരാഷ്ട്രസംഘടന സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടു എന്ന ഗുരുതര ആരോപണവും നിലനില്‍ക്കുന്നു.

SCROLL FOR NEXT