NEWSROOM

ആഭ്യന്തര യുദ്ധത്തില്‍ വിമത സായുധസേനയെ യുഎഇ സഹായിച്ചുവെന്ന് സുഡാന്‍; ഐക്യരാഷ്ട്ര സഭയില്‍ തെളിവുകള്‍ സമർപ്പിച്ചു

വിമത സായുധ സംഘമായ റാപിഡ് സപ്പോര്‍ട്ട് ഫൊഴ്‌സിൻ്റെ (ആര്‍എസ്എഫ്) സൈനികരില്‍ നിന്നും യുഎഇ പാസ്‌പ്പോര്‍ട്ടുകള്‍ കണ്ടെത്തിയെന്ന് സുഡാന്‍ സര്‍ക്കാര്‍

Author : ന്യൂസ് ഡെസ്ക്

സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ യുണൈറ്റഡ് അറബ് എമിറൈറ്റ്‌സ് (യുഎഇ) ഇടപെട്ടിരുന്നു എന്നതിന് തെളിവുകള്‍ പുറത്ത്. വിമത സായുധ സംഘമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സിൻ്റെ (ആര്‍എസ്എഫ്) സൈനികരില്‍ നിന്നും യുഎഇ പാസ്‌പ്പോര്‍ട്ടുകള്‍ കണ്ടെത്തിയെന്ന് സുഡാന്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട 41 പേജുകള്‍ വരുന്ന രേഖ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന് സുഡാന്‍ സമര്‍പ്പിച്ചു.

ആര്‍എസ്എഫില്‍ നിന്നും സൈന്യം അടുത്തിടെ വീണ്ടെടുത്ത ഖാര്‍ത്തും മേഖലയില്‍ നിന്നുമാണ് യുഎഇ പാസ്‌പ്പോര്‍ട്ടുകള്‍ കണ്ടെടുത്തതെന്നാണ് സുഡാന്‍ അധികൃതര്‍ പറയുന്നത്. യെമന്‍ സ്വദേശികളായ രണ്ടു പേരുടെ പാസ്‌പ്പോര്‍ട്ടുകളും പ്രദേശത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ആര്‍എസ്എഫിന് ആയുധസഹായങ്ങള്‍ നല്‍കിയെന്ന ആരോപണങ്ങള്‍ മുന്‍പ് യുഎഇ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ യുഎഇ പ്രതിരോധത്തിലായിരിക്കുകയാണ്.

നാല് യുഎഇ പൗരന്മാരുടെ പാസ്‌പ്പോര്‍ട്ടുകളുടെ ഫോട്ടോകളടങ്ങിയ രേഖകളാണ് സുരക്ഷാ കൗണ്‍സിലില്‍ സുഡാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. 29നും 49നും ഇടയില്‍ പ്രായമുള്ളവരാണ് പാസ്‌പ്പോര്‍ട്ടിൻ്റെ ഉടമകള്‍. ആഭ്യന്തര യുദ്ധത്തില്‍ ആര്‍എസ്എഫിന് യുഎഇ സായുധ സഹായങ്ങള്‍ നല്‍കിയതിൻ്റെ തെളിവുകളും സുഡാന്‍ രേഖകളിലുണ്ട്. സര്‍ഫസ് ടു സര്‍ഫസ് മിസൈലുകള്‍, ആൻ്റി എയര്‍ക്രാഫ്റ്റ് തോക്കുകള്‍, ആൻ്റി ടാങ്ക് സംവിധാനങ്ങള്‍ എന്നിവ യുഎഇ ആര്‍എസ്എഫിനു നല്കിയെന്നാണ് രേഖകള്‍ പറയുന്നത്.

15 മാസമായി സുഡാനില്‍ സൈനികരും ആര്‍എസ്എഫുമായി ആഭ്യന്തര യുദ്ധം നടക്കുകയാണ്. യുദ്ധത്തില്‍ നേരിട്ട് യുഎഇ സൈനിക സഹായം നല്‍കിയെന്ന ആരോപണം പുതിയ ഭൗമരാഷ്ട്രിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗണ്‍സിലില്‍ യുകെ യാണ് സുഡാന്‍ വിഷയം കൈകാര്യം ചെയ്യുന്നത്. രേഖകളില്‍ യുകെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT