ഒരുവർഷത്തിലധികമായി ആഭ്യന്തര യുദ്ധം തുടരുന്ന സുഡാൻ കടുത്ത ദുരിതത്തിലാണ്. പട്ടിണിയാലും അനുബന്ധ രോഗങ്ങളാലും പ്രതിദിനം 100ൽ അധികം പേർ മരിക്കുന്നുവെന്നാണ് കണക്ക്. അധികാരത്തിന് വേണ്ടിയുള്ള പിടിവലിയിൽ ഭക്ഷണമടക്കം സാധാരണക്കാരുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്.
അധികാരത്തിന് വേണ്ടിയുള്ള തർക്കമാണ് ആഫ്രിക്കൻ രാജ്യമായ സുഡാനെ കടുത്ത ക്ഷാമത്തിലേക്ക് തള്ളിവിട്ടത്. ഒരു വർഷം മുൻപ് സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധം ഇപ്പോഴും തുടരുകയാണ്, അതിൽ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരും.
രാജ്യത്തെ രണ്ട് മേഖലകളിലാണ് ഇരുപക്ഷങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന് ഉള്ളിൽ തന്നെയുള്ള കൂട്ടപ്പലായനങ്ങളിലും വംശീയ അക്രമങ്ങളിലും ജനം വലയുന്നു. വടക്കൻ ദർഫർ മേഖലയിൽ ഭക്ഷണമെത്തിക്കാൻ സുഡാനി സൈന്യം അനുവദിക്കില്ല. ഐക്യരാഷ്ട്ര സഭയുടെ അഭ്യർഥന പോലും തള്ളിക്കളഞ്ഞ ഇരുകൂട്ടരും മേഖലയില്‍ കനത്ത പോരാട്ടമാണ് നടത്തുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യവിതരണം യുഎന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
സുഡാൻ്റെ ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗം, ഭക്ഷ്യ അടിയന്തരാവസ്ഥയിലോ അതിലും മോശമായ സാഹചര്യത്തിലൂടെയോ കടന്നുപോകുന്നതായി ഇൻ്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ വ്യക്തമാക്കുന്നു. ഭക്ഷണ ദൗര്‍ലഭ്യം, വൃത്തിഹീനമായ വെള്ളം, അപര്യാപ്തമായ വൈദ്യസഹായം എന്നിവയാണ് രാജ്യത്ത് മരണനിരക്ക് വര്‍ധിപ്പിക്കുന്നത്. 2023 മെയ് 15നും 2024 മാര്‍ച്ച് ഒന്നിനും ഇടയില്‍ അഞ്ച് വയസിന് താഴെയുള്ള 3473 കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചെന്ന് മെഡിസിന്‍സ് വിതൗട്ട് ബോര്‍ഡേഴ്‌സ് എന്ന അന്താരാഷ്ട്ര സംഘനയുടെ കണക്കുകള്‍ പറയുന്നു.
രാജ്യത്തെ അഞ്ച് കോടി ജനസംഖ്യയിലെ പകുതിയിലധികം പേരും പട്ടിണിയിലാണ്. 40 വർഷം മുമ്പ് ഏത്യോപ്യ നേരിട്ട ക്ഷാമത്തിൻ്റെ രണ്ട് മടങ്ങോളം ഗുരുതരമായ സ്ഥിതിയിലൂടെയാണ് സുഡാൻ കടന്നുപോകുന്നതെന്ന് യുഎൻ പറയുന്നു. പോഷാകാഹാരക്കുറവിനെ തുടർന്ന് കുട്ടികൾ മരിച്ചു വീഴുകയാണ്. ആരോഗ്യ സംവിധാനങ്ങളുടെ അവസ്ഥയും മോശമാണ്. യുദ്ധം ഒരു സമൂഹത്തിൻ്റെ സാമ്പത്തിക സ്ഥിതിയെയും നിലനിൽപ്പിനേയും അസ്ഥിരപ്പെടുത്തുമ്പോൾ ജീവിക്കാൻ കഴിയാതെ, ഭക്ഷണമില്ലാതെ വലയുന്നു നൂറുകണക്കിന് കുഞ്ഞുങ്ങളും മനുഷ്യരും.