NEWSROOM

ഭയം കൊണ്ടാണ് അച്ഛനൊപ്പം വീട്ടിലേക്ക് പോകാതിരുന്നത്, പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല; കൊല്ലപ്പെട്ട സുധാകരന്റെ മകൾ

പൊലീസ് ഇടപെട്ടിരുന്നെങ്കിൽ അച്ഛൻ കൊല്ലപ്പെടില്ലായിരുന്നു എന്ന് മകൾ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


പാലക്കാട് നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന സംഭവത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെ മകൾ. പ്രതി ചെന്താമരക്കെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മകൾ ആരോപിച്ചു. ഡിസംബർ 29 നാണ് പരാതി നൽകിയത്. പൊലീസ് ഇടപെട്ടിരുന്നെങ്കിൽ അച്ഛൻ കൊല്ലപ്പെടില്ലായിരുന്നു എന്ന് മകൾ പറഞ്ഞു.

ഭയം കൊണ്ടാണ് വീട്ടിലേക്ക് അച്ഛനൊപ്പം താൻ വരാതിരുന്നതെന്നും വന്നിരുന്നെങ്കിൽ താനും കൊല്ലപ്പെടുമായിരുന്നെന്നും സുധാകരന്റെ മകൾ പറഞ്ഞു. കൊല ചെയ്യുന്നതിന് തൊട്ട് മുന്നേ വടിവൾ ഉയർത്തി ഭീതി പരത്തിയതായി നാട്ടുകാരും പറഞ്ഞു. ഭയന്നാണ് ജീവിക്കുന്നതെന്നും നാട്ടുകാർ.

ഇന്ന് രാവിലെയാണ് പാലക്കാട് നെന്മാറയിൽ ചെന്താമര അമ്മയെയും മകനെയും വെട്ടിക്കൊന്നത്. നെന്മാറ പോത്തുണ്ടി സ്വദേശി മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും വീടിന് മുമ്പിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. അതിന് ശേഷം ഇയാൾ നെല്ലിയാമ്പതി മേഖലയിലേക്ക് കടന്നുകളഞ്ഞു. കൊലപ്പെടുത്താനായി ഉപയോഗിച്ച കൊടുവാൾ ചെന്താമരയുടെ വീടിനകത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


2019ൽ സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. കേസിൽ പരോളിലിറങ്ങിയ ശേഷമാണ് പ്രതി കൃത്യം നടത്തിയത്. ജാമ്യം ലഭിച്ച ഇയാൾ ഒരുമാസമായി പ്രദേശത്തുണ്ട്. 2019 മുതൽ പ്രതിക്ക് സുധാകരന്റെ കുടുംബത്തോട് വൈരാഗ്യമുണ്ടായിരുന്നു. കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നും ജില്ലാ പൊലീസ് മേധാവി അജിത് കുമാർ. ഫോൺ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

SCROLL FOR NEXT