38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണ നേട്ടം. വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ പി.എസ്. സുഫ്ന ജാസ്മിനാണ് കേരളത്തിനു വേണ്ടി ആദ്യ സ്വർണ നേടിയത്. മത്സരത്തിൽ മഹാരാഷ്ട്രയുടെ ദീപാലി ഗുർസാല വെള്ളിയും മധ്യപ്രദേശിന്റെ റാണി വെങ്കലവും കരസ്ഥമാക്കി.
ഒരു സ്വർണവും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകളാണ് ദേശീയ ഗെയിംസിൽ ഇതുവരെ കേരളം നേടിയത്. ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലില്‍ സജൻ പ്രകാശാണ് കേരളത്തിനായി ആദ്യ മെഡൽ നേടിയത്. 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമായി രണ്ട് വെങ്കല മെഡലുകൾ സജൻ നേടി. ഒരു മിനിറ്റ് 53.73 സെക്കൻഡിലാണ് സജൻ 200 മീറ്റർ ഫ്രീസ്റ്റൈൽ മത്സരം പൂർത്തിയാക്കിയത്. 200 മീറ്റർ ഫ്രീസ്റ്റൈലിൽ കർണാടകയുടെ ശ്രീഹരി നടരാജനാണ് സ്വർണം. 1.50.52 മിനിറ്റിലാണ് ശ്രീഹരിയുടെ നേട്ടം. 100 മീറ്റർ ബട്ടര്‍ഫ്‌ളൈയിൽ തമിഴ്നാടിന്റെ രോഹിത് ബനഡിക്ഷനാണ് സ്വർണം (53.89 സെക്കൻഡ്).
കേരളത്തിന്റെ വനിതകളുടെ വോളിബോൾ ടീം ഗെയിംസിൽ മുന്നേറ്റം തുടരുകയാണ്. ആദ്യ മത്സരത്തിൽ ബംഗാളിനെ പരാജയപ്പെടുത്തിയ വോളിബോൾ ടീം തമിഴ്നാടിനെയും തോല്‍പ്പിച്ച് തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി (20-25, 25-22, 23-25, 25-19, 15-9). വനിതകളുടെ ബാസ്കറ്റ്ബോളിലും ആദ്യ മത്സരത്തിൽ കേരളം വിജയിച്ചു. ഉത്തർപ്രദേശിനെയാണു തോൽപിച്ചത് (73–37).
പുരുഷ വോളിബോൾ ടീം ഹരിയാനയെ 3-1ന് പരാജയപ്പെടുത്തി വിജയവഴിയിലേക്ക് തിരികെയെത്തി. സെറ്റ് സ്കോർ - (25-21, 21-25, 25-14, 25-14). പുരുഷ വിഭാഗം റഗ്ബിയിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട കേരളം രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു. 19-12 നാണ് കേരളം ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗം വുഷു സാന്ദ ഇനത്തിൽ 65 കിലോഗ്രാമിൽ കേരളത്തിന്റെ സഫീറും 75 കിലോഗ്രാമിൽ മുഹമ്മദ് സിനാനും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. തുടർച്ചയായ മൂന്നാം ജയത്തോടെ കേരളം ദേശീയ ഗെയിംസിലെ ബീച്ച് ഹാൻഡ്ബോളിൽ സെമി ഫൈനലിൽ കടന്നു. ബംഗാളിനെ പരാജയപ്പെടുത്തിയായിരുന്നു കേരളത്തിന്റെ നേട്ടം. സ്കോർ (2-0). ഇന്ന് നടക്കുന്ന സെമിയില്‍ കേരളം അസമിനെ നേരിടും. വനിതകളുടെ റഗ്ബി ടീമും പ്രീ ക്വാർട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.