NEWSROOM

റോഡപകടം കുറയ്ക്കാനുള്ള ആക്ഷൻ പ്ലാനിലേയ്ക്ക് നിർദേശങ്ങൾ; സംയുക്ത ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ട്

ചൊവ്വാഴ്ച ഗതാഗത വകുപ്പ് മന്ത്രി KB ഗണേഷ് കുമാർ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും, ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടെയുളള ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Author : ന്യൂസ് ഡെസ്ക്

ലോറി മറിഞ്ഞ് നാലു വിദ്യാർത്ഥിനികൾ മരിച്ച പാലക്കാട് പനയമ്പാടം മേഖലയിൽ അപകടങ്ങൾ കുറയ്ക്കാനുള്ള സംയുക്ത ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ട് നാളെ സമർപ്പിക്കും. മലപ്പുറം എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ഇന്നലെ പനയമ്പാടത്ത് പരിശോധന നടത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക.


പനയമ്പാടം അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മേഖലയിൽ അപകടം കുറയ്ക്കാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ സംയുക്ത ഉദ്യോഗസ്ഥ സംഘത്തെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇന്നലെ സ്ഥലത്ത് പരിശോധന നടത്തിയ സംഘം പനയമ്പാടം റോഡിന്റെ അപാകതകൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾക്ക് രൂപം നൽകി. നാളെ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും.

റോഡിന്റെ മിനുസം കുറക്കാൻ മില്ലിംഗ് നടത്തി പരുക്കാനാക്കാൻ നടപടി സ്വീകരിക്കണമെന്നതാണ് ആദ്യത്തെ നിർദേശം. സ്ഥിരമായി മീഡിയൻ സ്ഥാപിക്കും. വെള്ളം ഒഴുകി പോകാൻ സംവിധാനം ഒരുക്കണം. വേഗത കുറക്കാനുളള റോഡ് സ്റ്റഡ്സ് , ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം നൽകുന്നതിനുള്ള സ്ലീപ്പർ ലൈനുകൾ സ്ഥാപിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.

ചൊവ്വാഴ്ച ഗതാഗത വകുപ്പ് മന്ത്രി KB ഗണേഷ് കുമാർ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും, ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടെയുളള ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പനയമ്പാടം റോഡിന്റ അപാകത പരിഹരിക്കാൻ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ റോഡ് സുരക്ഷാ ഫണ്ടുപയോഗിച്ച് പ്രവർത്തനങ്ങൾ ചെയ്യാനാണ് തീരുമാനം.

SCROLL FOR NEXT