NEWSROOM

ഞായറാഴ്ച നടത്താനിരുന്ന നീറ്റ്-പിജി പ്രവേശന പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി ഉടനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ മത്സര പരീക്ഷകളുടെ സമഗ്രതയെ സംബന്ധിച്ച് അടുത്തിടെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

ഞായറാഴ്ച (ജൂണ്‍ 23 ) നടത്താനിരുന്ന നീറ്റ്-പിജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതി എത്രയും വേഗം അറിയിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ്,നെറ്റ് അടക്കമുള്ള രാജ്യത്തെ മത്സര പരീക്ഷകളുടെ സമഗ്രത സംബന്ധിച്ച് അടുത്തിടെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ദേശീയ മെഡിക്കൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന നീറ്റ്-പിജി പ്രവേശന പരീക്ഷ പ്രക്രിയയുടെ സുരക്ഷിതത്വം വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

വിദ്യാർഥികൾക്കുണ്ടായ അസൗകര്യത്തിൽ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരീക്ഷാ പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വിദ്യാർഥികളുടെ താല്‍പര്യവും പരിഗണിച്ചാണ് ഈ തീരുമാനമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറുപ്പിലൂടെ അറിയിച്ചു.

നീറ്റ് - നെറ്റ് പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്നതില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോദ് കുമാര്‍ സിങിനെ കേന്ദ്രം നീക്കി. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാണ് സുബോദിന് ലഭിച്ച നിര്‍ദേശം. സുബോദ് കുമാര്‍ സിങ്ങിന് പകരം ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് സിങ് ഖരോളയാണ് ചുമതല ഏല്‍ക്കുന്നത്. ഇന്ത്യന്‍ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍റെ ചെയര്‍മാനും മാനേജിങ് എഡിറ്ററുമാണ് ഖരോള. എന്‍.ടി.എ ഡയറക്ടര്‍ ജനറലായി മറ്റൊരു സ്ഥിര നിയമനമുണ്ടാകുന്നതുവരെ ഖരോളയ്ക്കായിരിക്കും അധിക ചുമതല.

SCROLL FOR NEXT