NEWSROOM

"എല്ലാം അലക്ഷ്യമായ ഷോട്ടുകൾ"; ഇന്ത്യൻ മുൻനിരയെ രൂക്ഷമായി വിമർശിച്ച് ഗവാസ്കർ

മൂന്ന് വിക്കറ്റുകൾ വീണതോടെ ഇന്ത്യ പത്തോവറിൽ 27/3 എന്ന നിലയിലേക്ക് വീണിരുന്നു

Author : ന്യൂസ് ഡെസ്ക്


ഗാബ ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ അലക്ഷ്യമായ ഷോട്ടുകളിലൂടെ വിക്കറ്റുകൾ കളഞ്ഞുകുളിച്ച ഇന്ത്യൻ മുന്നേറ്റനിരയെ രൂക്ഷമായി വിമർശിച്ച് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ.

"ജയ്‌സ്വാൾ തൻ്റെ വിക്കറ്റ് എറിഞ്ഞതെങ്ങനെയെന്ന് നോക്കൂ. നിങ്ങൾക്ക് മുന്നിൽ ഇത്രയും കഠിനമായ വെല്ലുവിളിയുള്ളപ്പോൾ ക്ഷമയോടെ കളിക്കണമായിരുന്നു. അത്തരം ഷോട്ടുകൾ കളിക്കുന്നത് ഒഴിവാക്കണം. നിങ്ങൾക്ക് അര മണിക്കൂറിനുള്ളിൽ 445 റൺസോ, ഫോളോ ഓൺ ഒഴിവാക്കാനുള്ള 245 റൺസ് പോലും നേടാനാവില്ല. ഈ ഷോട്ടുകൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ശുഭ്മാൻ ഗില്ലും കോഹ്ലിയും ഓഫ് സ്റ്റംപിന് പുറത്തുവന്നാണ് കളിച്ചത്. ഇവരുടെ പുറത്താകലിൽ പിച്ചിന് ഒരു റോളും ഇല്ലായിരുന്നു. അവർ മോശം ഷോട്ടുകൾ മാത്രമാണ് കളിച്ചത്," ഗവാസ്കർ വിമർശിച്ചു.

ഈ മൂന്ന് വിക്കറ്റുകൾ വീണതോടെ ഇന്ത്യ പത്തോവറിൽ 27/3 എന്ന നിലയിലേക്ക് വീണിരുന്നു. കോഹ്ലിയുടെ പുറത്താകലിനേയും മുൻ താരം വിമർശിച്ചു.

"പന്ത് ഓഫ് സ്റ്റംപിന് പുറത്താണെങ്കിൽ എനിക്കത് മനസിലാകും. ഇത് അതിലും അകലെയായിരുന്നു. അത് കളിക്കേണ്ട ആവശ്യമില്ല. കോഹ്ലി വളരെ നിരാശനും അസ്വസ്ഥനുമായിരിക്കും. റിഷഭ് പന്ത് ഒരു പന്ത് നേരിടുന്നതിന് മുമ്പ് തന്നെ മഴ പെയ്യാൻ തുടങ്ങി.കോഹ്‌ലി അൽപ്പം ക്ഷമ കാണിച്ചിരുന്നെങ്കിൽ കെ.എൽ. രാഹുലിനൊപ്പം അദ്ദേഹവും പുറത്താകില്ലായിരുന്നു," ഗവാസ്കർ പറഞ്ഞു.
SCROLL FOR NEXT