NEWSROOM

'അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു'; തൃശൂര്‍ പൂരം അലങ്കോലമായതില്‍ സുനില്‍ കുമാറിന്റെ മൊഴിയെടുത്തു

പൂരം അലങ്കോലപ്പെട്ടാല്‍ അതില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാകും എന്ന് കരുതിയവര്‍ക്കൊപ്പം നിന്നവരെ കണ്ടെത്തണമെന്ന് സുനിൽ കുമാർ

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പട്ട ത്രിതല അന്വേഷണത്തിന്റെ ഭാഗമായി സിപിഐ നേതാവ് വി.എസ്. സുനില്‍ കുമാറിന്റെ മൊഴിയെടുത്തു. മലപ്പുറം അഡീഷണല്‍ എസ്പി ഫിറോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴിയെടുത്തത്.

പൂരം വിവാദത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയ സുനില്‍കുമാറിനെ ആദ്യമായാണ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞുവെന്ന് മൊഴിയെടുപ്പിന് ശേഷം സുനില്‍ കുമാര്‍ പ്രതികരിച്ചു.

പൂരം ചടങ്ങുകള്‍ മാത്രമാക്കിയതും വെടിക്കെട്ട് നടത്തില്ലെന്ന് പ്രഖ്യാപിച്ചതും ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങളുടെ സാഹചര്യം ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. ബിജെപി-ആര്‍എസ്എസ്-വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ളവരുടെ പങ്കും നേതാക്കളുടെ ഗൂഢാലോചനയും പറഞ്ഞിട്ടുണ്ട്.


പൂരത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് താന്‍ വിവരാവകാശ പ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അത് തരാന്‍ പറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. സംഭവസ്ഥലത്ത് ആരാണ് പ്രഖ്യാപനം നടത്തിയത്, ആരുടെയൊക്കെ സാന്നിധ്യം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറാകണം. ശ്രീമൂല സ്ഥാനത്ത് നടന്ന മീറ്റിങ്ങില്‍ ആര്‍എസ്എസ് നേതാക്കള്‍ തള്ളിക്കയറാന്‍ ശ്രമിച്ചുവെന്നും പുലര്‍ച്ചെ തന്നെ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

തിരുവമ്പാടി ഓഫീസിലേക്ക് തീരുമാനം അറിയിക്കാന്‍ പോയതിനു ശേഷം, പിന്നീട് ആ തീരുമാനം എങ്ങനെ അട്ടിമറിച്ചു? ആളുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും നില്‍ക്കാനുള്ള സ്ഥലത്ത് സുരേഷ് ഗോപിക്ക് യാത്ര ചെയ്യാന്‍ അനുമതി കൊടുത്തത് ആരാണ്? സുരേഷ് ഗോപിയെ കടത്തിവിടാന്‍ ഏത് ഉദ്യോഗസ്ഥരാണ് അനുമതി കൊടുത്തത് എന്നത് കണ്ടെത്തണം. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ദേശത്തെ ജനങ്ങള്‍ പൂരം അലങ്കോലപ്പെട്ടതില്‍ കുറ്റക്കാര്‍ അല്ല.

മേളം നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയതും ലൈറ്റ് ഓഫ് ചെയ്യാനും പറഞ്ഞത് ആരാണെന്നും പൂരം അലങ്കോലപ്പെട്ടാല്‍ അതില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാകും എന്ന് കരുതിയവര്‍ക്കൊപ്പം നിന്നവരെ കണ്ടെത്തണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

SCROLL FOR NEXT