തൃശ്ശൂർ പൂരത്തെ കുറിച്ചുള്ള സുനിൽ കുമാറിന്റെ ആരോപണം ഗൗരവതരം എന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. അദ്ദേഹം തൃശൂർ പൂരത്തിൽ അട്ടിമറി നടന്നു എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടന്നിട്ടുണ്ട്. സുനിൽകുമാറിനെ പോലുള്ള ഒരാൾ അത് വെറുതെ പറയില്ലെന്നും സർക്കാരിനെ അട്ടിമറിക്കാൻ ഒരു സംഘം ഇപ്പോൾ നിലവിലുണ്ടെന്നും ആ സംഘത്തിന്റെ കെണിയിൽ ആരും വീഴരുത് എന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, പിവി അൻവറിന്‍റെ ആരോപണത്തിൽ കുറ്റക്കാർക്ക് എതിരെ കൃത്യമായി നടപടി എടുക്കുമെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അൻവർ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കി. അതിനെപ്പറ്റി അന്വേഷിക്കാൻ സർക്കാർ നിലപാട് സ്വീകരിച്ചുവെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറിക്ക് എതിരെ ഉള്ള ആരോപണങ്ങൾ ഉൾപ്പടെ പരിശോധിക്കും. സിപിഐഎം കുറ്റക്കാരെ സംരക്ഷിക്കില്ല. മുഖ്യമന്ത്രി നിലപാട് പറഞ്ഞതാണ്. അന്വേഷണ സംഘത്തിന്റെ നേതാവ് ഡിജിപി ആണ്. ഇതിലും വലിയ പ്രശ്നങ്ങൾ ചുറ്റിലും ഉണ്ട്. എല്ലാ പ്രശ്നങ്ങൾക്കും നടപടി എടുക്കുമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കുറ്റം ആരോപിച്ചതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളി ആവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രതികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മാക്ടയും ഇഫ്റ്റയും; നിവേദനം സജി ചെറിയാന് കൈമാറും
തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണ സംഘത്തിന് കൈമാറട്ടെ. പി.വി. അൻവർ ഇടതുപക്ഷവുമായി സഹകരിക്കുന്ന എംഎൽഎയാണ്. അദ്ദേഹത്തിന്റെ ആരോപണം അന്വേഷിക്കുക എന്നത് സർക്കാർ നടപടിയാണ്. ഇതാണ് നിലപാട്. അൻവർ പാർട്ടിക്ക് നൽകിയ പരാതി ലഭിച്ചുവെന്നും, അത് മനസിലാക്കാൻ കുറച്ചു സമയം വേണമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. പരാതിയിൽ കഴമ്പ് ഉണ്ടോ എന്ന് പാർട്ടി പരിശോധിക്കും വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.