NEWSROOM

287 ദിവസത്തെ ബഹിരാകാശവാസത്തോട് ​ഗുഡ്ബൈ; സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഭൂമിയിലേക്ക് പുറപ്പെടും

സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ഇന്ത്യൻ സമയം 10.30ന് ആവും സംഘം ഭൂമിയിലേക്ക് മടങ്ങുക

Author : ന്യൂസ് ഡെസ്ക്


287 ദിവസത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ന് പുറപ്പെടും. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ഇന്ത്യൻ സമയം 10.30ന് ആവും സംഘം ഭൂമിയിലേക്ക് മടങ്ങുക. നാളെയാണ് സംഘം ഭൂമിയിലേക്ക് എത്തുക. സുനിത വില്യംസിനും ബുച്ച് വിൽമോറിനൊപ്പം ക്രൂ 9 അംഗങ്ങളായ നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരുമാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗൻ മൊഡ്യൂളിൽ ഭൂമിയിലേക്ക് മടങ്ങി എത്തുന്നത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27ന് 'ക്രൂ 9' സംഘം ഭൂമിയിൽ തിരിച്ചെത്തുകയെന്നും നാസ അറിയിച്ചു.

ഫ്ലോറിഡയിലെ സമയപ്രകാരം ചൊവ്വാഴ്ച വൈകിട്ട് 5.57നാണ് സ്പാഷ് ഡൌണിനുള്ള സമയം നാസ ക്രമീകരിച്ചിരിക്കുന്നത്. നാസ പുറത്തുവിട്ട ഷെഡ്യൂൾ പ്രകാരം യുഎസ് സമയമനുസരിച്ച് ചൊവ്വാഴ്ച അർധരാത്രി 12.45 മുതൽ അൺഡോക്കിങ് ലൈവായി സംപ്രേഷണം ചെയ്യും. രാത്രി 1.05നാണ് ഡോക്കിങ് പ്രക്രിയ ആരംഭിക്കുന്നത്. 18ന് വൈകിട്ട് 5.11 മുതൽ ഡീ ഓർബിറ്റ് ബേൺ എന്ന പ്രക്രിയ ആരംഭിക്കും. തുടർന്ന് ഭൂമിയിലേക്ക് പറന്നിറങ്ങുന്ന പേടകം കൃത്യം 5.57ന് ഭൂമി തൊടുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിതാ വില്യംസും, ബുച്ച് വിൽമോറും എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. എട്ടു ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും പോയത്. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതക ചോർച്ചയും ത്രസ്റ്ററുകൾ ഉപയോഗക്ഷമം അല്ലാതായതുമാണ് മടക്കയാത്രയ്ക്ക് തടസം സൃഷ്ടിച്ചത്. എന്നാൽ ജൂൺ 6 മുതൽ സ്പേസ് സ്റ്റേഷനില്‍ തുടരുന്ന സുനിതയേയും വിൽമോറിനേയും 2025ൽ ഇലോൺ മസ്കിൻ്റെ സ്‌പേസ് എക്‌സിൻ്റെ 'ഡ്രാഗൺ ക്രൂ' ബഹിരാകാശ പേടകത്തിൽ തിരിച്ചെത്തിക്കുമെന്ന് നാസ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT