NEWSROOM

ബഹിരാകാശത്ത് വെള്ളം കുടിക്കുന്നതെങ്ങനെ? വിദ്യാർഥികൾക്ക് ഡെമോ ഓൺലൈൻ ക്ലാസ് നൽകി സുനിതാ വില്യംസ്

ബഹിരാകാശത്തെ സീറോ ഗ്രാവിറ്റിയിൽ ബഹിരാകാശ യാത്രികർക്ക് എങ്ങനെ പാനീയങ്ങൾ അകത്താക്കാമെന്ന് കാണിക്കുന്ന ഡെമോ ആണ് സുനിത വീഡിയോ സംവാദത്തിലൂടെ പങ്കുവെച്ചത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ ബഹിരാകാശ യാത്രിക സുനിതാ വില്യംസ് കഴിഞ്ഞ ദിവസം വിദ്യാർഥികൾക്കായി നൽകിയ ഒരു ഓൺലൈൻ ക്ലാസിൻ്റെ വീഡിയോകൾക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ശാസ്ത്രലോകത്തും വലിയ പ്രചാരണമാണ് ലഭിക്കുന്നത്. ബഹിരാകാശത്തെ സീറോ ഗ്രാവിറ്റിയിൽ ബഹിരാകാശ യാത്രികർക്ക് എങ്ങനെ പാനീയങ്ങൾ അകത്താക്കാമെന്ന് കാണിക്കുന്ന ഡെമോ ആണ് സുനിത വീഡിയോ സംവാദത്തിലൂടെ പങ്കുവെച്ചത്. മസാച്ചുസെറ്റ്സിലെ സുനിതാ വില്യംസ് എലമെൻ്ററി സ്കൂളിലെ വിദ്യാർഥികൾക്കാണ് സുനിതാ വില്യംസ് ഓൺലൈൻ ക്ലാസുകൾ നൽകിയത്. ക്ലാസിനിടെ ബഹിരാകാശ നിലയത്തിലെ അനുഭവങ്ങൾ പങ്കിടാനും സുനിത മറന്നില്ല.

സ്പേസ്ഫ്ലൈറ്റ് അനുഭവങ്ങളെ കുറിച്ചും, ബഹിരാകാശ നിലയത്തിലെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ചും, സീറോ ഗ്രാവിറ്റിയിൽ ഭക്ഷണം കഴിക്കൽ, വെള്ളം കുടിക്കൽ അടക്കമുള്ള ആവശ്യങ്ങൾക്കായി ബഹിരാകാശയാത്രികർ കൈക്കൊള്ളുന്ന പ്രവൃത്തനരീതിയെക്കുറിച്ചും സുനിതാ വില്യംസ് സംസാരിച്ചു.

വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ സുനിതാ വില്യംസ്, ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് ഉത്തരമായാണ് സീറോ ഗ്രാവിറ്റി ഡ്രിങ്കിങിൻ്റെ ഡെമോ കാണിച്ചത്. ബഹിരാകാശ യാത്രികർ സാധാരണ പാനീയങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയിൽ നിന്ന് വ്യത്യസ്തമായി, പ്രത്യേക പൗച്ചുകളും സ്ട്രോകളും ഉപയോഗിക്കുന്നതിനെ കുറിച്ചും, ബഹിരാകാശത്ത് ജലം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സുനിത വിദ്യാർഥികളോട് സംസാരിച്ചു.

നേരത്തെ, ബഹിരാകാശ നിലയത്തിൽ ലെറ്റ്യൂസ് കൃഷി ചെയ്തതിൻ്റെ വീഡിയോയും സുനിത പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സുനിതാ വില്യംസും, സഹയാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയിട്ട് ആറ് മാസം പിന്നിട്ടത്. ബഹിരാകാശ നിലയത്തിൽ എത്തിയ ഇവർക്ക് മടക്കയാത്രക്കായുള്ള വാഹനം തകരാറിലായതോടെയാണ് തിരികെയെത്താൻ സാധിക്കാതിരുന്നത്.

SCROLL FOR NEXT