NEWSROOM

ബഹിരാകാശ നടത്തത്തിൽ റെക്കോർഡിട്ട് സുനിതാ വില്യംസ്; നടന്നത് 62 മണിക്കൂർ 6 മിനുട്ട്

നാസയുടെ പെഗ്ഗി വിൻസ്റ്റണിൻ്റെ റെക്കോർഡാണ് സുനിത മറികടന്നത്. ഒൻപത് ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറിൽ അധികമാണ് സുനിത ബഹിരാകാശത്ത് നടന്നത്

Author : ന്യൂസ് ഡെസ്ക്

ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോർഡാണ് സുനിത സ്വന്തം പേരിൽ കുറിച്ചത്. നാസയുടെ പെഗ്ഗി വിൻസ്റ്റണിൻ്റെ റെക്കോർഡാണ് സുനിത മറികടന്നത്. ഒൻപത് ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറിൽ അധികമാണ് സുനിത ബഹിരാകാശത്ത് നടന്നത്. പത്ത് ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ബഹിരാകാശത്ത് നടന്നത്.

അതേസമയം, മാസങ്ങളായി ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസിനെയും യൂജിൻ ബുച്ച് വിൽമോറിനെയും നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഇലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് നാസ അറിയിച്ചു. ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെ എത്രയും വേഗം തിരികെ കൊണ്ടുവരാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മസ്കിനോട് ആവശ്യപ്പെട്ടിരുന്നു.

2024 ജൂൺ അഞ്ചിനാണ് ബോയിംഗിന്റെ സ്റ്റാർലൈനറിൽ മനുഷ്യരെയും വഹിച്ചുള്ള ഐഎസ്‌എസ് യാത്രയുടെ പരീക്ഷണത്തിന്റെ ഭാഗമായി സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ നിന്ന് പുറപ്പെട്ടത്. ജൂൺ ഏഴിന് ബഹിരാകാശ നിലയത്തിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, സ്റ്റാർലൈനർ പേടകത്തിലുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും കാരണം മടക്കയാത്ര നീളുകയായിരുന്നു.

SCROLL FOR NEXT