NEWSROOM

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

2011 മുതൽ പേരാവൂർ എംഎൽഎയായ സണ്ണി ജോസഫ് നിലവിൽ യുഡിഎപ് കണ്ണൂർ ജില്ലാ ചെയർമാനാണ്

Author : ന്യൂസ് ഡെസ്ക്

കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. കെ. സുധാകരന്റെ പിന്‍ഗാമിയായി സണ്ണി ജോസഫ് എംഎല്‍എയെ അധ്യക്ഷനായി നിയമിച്ചു. സുധാകരന്‍ എഐസിസി പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവാകും. യുഡിഎഫ് കണ്‍വീനറായി എം.എം. ഹസന് പകരം അടൂര്‍ പ്രകാശിനെയും നിയമിച്ചു. ഷാഫി പറമ്പിൽ എംപി, എ.പി. അനിൽകുമാർ എംഎല്‍എ, പി.സി. വിഷ്ണുനാഥ് എംഎല്‍എ എന്നിവരാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍. കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍, ടി. സിദ്ദിഖ് എന്നിവരാണ് മാറുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കൊടുമ്പിരികൊണ്ടിരിക്കേയാണ് നിർണായക പ്രഖ്യാപനം. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഹൈക്കമാന്‍ഡാണ് ഫൈനല്‍ അതോറിറ്റി എന്ന് കോൺ​ഗ്രസ് നേതാക്കൾ പറയുമ്പോഴും നിലവിലെ അധ്യക്ഷനെ മാറ്റേണ്ടെന്ന നിലപാടിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍. സുധാകരനെ പിന്തുണച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എത്തിയിരുന്നു. അതേസമയം, നേതൃമാറ്റം സംബന്ധിച്ച് ഉടന്‍ തീരുമാനം വേണമെന്നായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ നിലപാട്. കെ. സുധാകരനുവേണ്ടി ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആഞ്ഞുവാദിക്കുന്നതിനിടെയാണ് ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ നിയമിച്ചത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ, ക്രൈസ്തവ സഭ സ്വീകരിച്ച നിലപാടുകളും സണ്ണി ജോസഫിന് ഗുണമായി. 2004ല്‍ പി.പി. തങ്കച്ചനുശേഷം, 21 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നുള്ളയാള്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതെന്നതും ശ്രദ്ധേയം. കെഎസ്‍യു പ്രവര്‍ത്തകനായാണ് സണ്ണി ജോസഫ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് എന്നിങ്ങനെ ചുമതലകളും വഹിച്ചു. 2011 മുതല്‍ പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്. നിലവില്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനാണ്.


SCROLL FOR NEXT