കമല ഹാരിസ് 
NEWSROOM

ജോ ബൈഡന്റെ പിന്മാറ്റത്തോടെ കമല ഹാരിസിന് പിന്തുണയേറുന്നു; പാര്‍ട്ടിക്ക് 24 മണിക്കൂറില്‍ ലഭിച്ചത് 81 മില്യൺ ഡോളര്‍ സംഭാവന

ഇപ്‌സോസ് പോൾ പ്രകാരം എതിരാളിയായ ഡൊണാൾഡ് ട്രംപിനെക്കാൾ രണ്ട് പോയിൻ്റ് ലീഡാണ് കമല ഹാരിസിനുള്ളത്

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതോടെ കമല ഹാരിസിന്റെ പിന്തുണ വർധിക്കുന്നു. ഇപ്‌സോസ് പോൾ പ്രകാരം എതിരാളിയായ ഡൊണാൾഡ് ട്രംപിനെക്കാൾ രണ്ട് പോയിൻ്റ് ലീഡാണ് കമല ഹാരിസിനുള്ളത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് സർവേയിൽ ട്രംപിന്റെ ലീഡ് 42 ശതമാനവും കമല  ഹാരിസിന് 44 ശതമാനവുമാണ് ലീഡ്. അതേസമയം ജോ ബൈഡന്റെ പിന്മാറ്റത്തോടെ ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിക്കുന്ന സംഭാവനകളും ഉയർന്നിട്ടുണ്ട്.

2020ന് ശേഷം ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കുന്ന റെക്കോർഡ് സംഭാവനയാണ് കമലയ്ക്ക് ലഭിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 81 മില്യൺ ഡോളർ ആണ് തെരഞ്ഞെടുപ്പ് സംഭാവനയായി ഡെമോക്രാറ്റിക്‌ പാർട്ടിക്ക് ലഭിക്കുന്നത്. സാധാരണക്കാരിൽ നിന്നും കമലയ്ക്ക് ലഭിക്കുന്ന ശക്തമായ പിന്തുണയാണ് ഇത് വ്യക്താമാക്കുന്നതെന്നാണ് പാർട്ടി വക്താക്കളുടെ നിഗമനം. നവംബർ അഞ്ചിനാണ് യു എസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാ‍ർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാ‍ർത്ഥിയാകാൻ തനിക്ക് ആവശ്യത്തിലേറെ പിന്തുണ ലഭിക്കുന്നുവെന്ന് നിലവിലെ വൈസ് പ്രസിഡൻ്റായ കമല ഹാരിസ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. പാർട്ടിയുടെ സ്ഥാനാർത്ഥിയും, കാലിഫോർണിയയുടെ മകളുമെന്ന നിലയ്ക്ക്, തനിക്ക് ലഭിക്കുന്ന വലിയ പിന്തുണയിൽ തനിക്ക് വലിയ അഭിമാനമുണ്ട്. ഉടൻ തന്നെ ഔദ്യോ​ഗികമായി പാർട്ടി സ്ഥാനാർത്ഥിയാകുമെന്നും കമല ഹാരിസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

തന്നിൽ വിശ്വാസമർപ്പിച്ച പ്രസിഡൻ്റ് ജോ ബൈഡനും, ഡെമോക്രാറ്റിക് പാർട്ടിയിലെ എല്ലാവരോടും കമല പോസ്റ്റിൽ നന്ദി അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യവും, തുല്യ അവകാശങ്ങളും ലഭിക്കുന്നതിന് മുൻപുള്ള കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ, ഭാവിയിൽ ജനാധിപത്യം ദൃഢപ്പെടുത്തുന്നതിനാണ് താൻ ശ്രമിക്കുന്നത്." കമല പറഞ്ഞു. ജോ ബൈഡൻ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതിൻ്റെ രണ്ടാം ദിവസമാണ് കമല ഹാരിസിൻ്റെ പ്രതികരണം.

SCROLL FOR NEXT