NEWSROOM

പാമോലിന്‍ കേസ്: വാദം ഇനിയും മാറ്റിവെക്കാനാകില്ലെന്ന് സുപ്രീം കോടതി

ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനാണ് ഇത്തവണ മാറ്റിയത്

Author : ന്യൂസ് ഡെസ്ക്

പാമോലിന്‍ കേസില്‍ വാദം ഇനിയും മാറ്റിവെക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസ് മാറ്റിവെക്കണമെന്ന അഭിഭാഷകന്റെ ആവശ്യത്തിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസിലെ അപ്പീലുകള്‍ അടുത്ത മാര്‍ച്ചില്‍ വീണ്ടും പരിഗണിക്കും.

ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനാണ് ഇത്തവണ മാറ്റിയത്. ഇതിനിടയിലാണ് ഇനിയും മാറ്റിവെക്കാനാകില്ലെന്ന സൂചന സുപ്രീം കോടതി നല്‍കിയത്. മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പി.ജെ. തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ആണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. മുസ്തഫ മരിച്ചതിനാല്‍ അദ്ദേഹത്തിന്റെ അപ്പീല്‍ സുപ്രീം കോടതി ഒഴിവാക്കി.

പി.ജെ. തോമസിന്റെ അഭിഭാഷകനാണ് ഹര്‍ജി മാറ്റണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. സീനിയര്‍ അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ഹര്‍ജി മാറ്റണമെന്നായിരുന്നു ആവശ്യം. 2012 ല്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നത്.


എന്താണ് പാമോലീന്‍ കേസ്

1991-92 കാലഘട്ടത്തില്‍ കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലേഷ്യന്‍ കമ്പനിയായ പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡില്‍ നിന്ന് സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതിയുണ്ടെന്നാണ് കേസ്.


അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡര്‍ പുറപ്പെടുവിക്കുകയായിരുന്നു. ഈ ഓര്‍ഡര്‍ അന്നത്തെ ക്യാബിനറ്റിന്റെ അംഗീകാരത്തോടുകൂടി കൂടി പുറപ്പെടുവിച്ചതാണെന്നതാണ് കേസിലെ പ്രധാന ആരോപണം. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കരുണാകരനും മറ്റ് ഏഴുപേര്‍ക്കുമെതിരെ കുറ്റപത്രം നല്‍കി.

പാമോയില്‍ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തതിലൂടെ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതില്‍ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് വിജിലന്‍സിന്റെ ആരോപണം. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍, ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ, അന്നത്തെ ചീഫ് സെക്രട്ടറി എസ്. പദ്മകുമാര്‍, ഭക്ഷ്യ സെക്രട്ടറി പി.ജെ. തോമസ്, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ജിജി തോംസണ്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു, പാമോയില്‍ കമ്പനി ഉദ്യോഗസ്ഥരായ സദാശിവന്‍, ശിവരാമകൃഷ്ണന്‍ എന്നിങ്ങനെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്.

2010 ല്‍ കരുണാകരന്റെ മരണശേഷം അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങള്‍ സുപ്രീം കോടതി ഒഴിവാക്കി. ഇപ്പോള്‍ ടി.എച്ച് മുസ്തഫയേയും സുപ്രീം കോടതി ഒഴിവാക്കി. ടി.എച്ച്. മുസ്തഫയ്ക്കു പുറമേ, പി.ജെ. തോമസും ജിജി തോംസണുമാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

SCROLL FOR NEXT