ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിൽ നടന്നുവരുന്ന ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ സുപ്രീം കോടതി. ക്ഷേത്രത്തിൽ തുടർന്ന് പോരുന്ന ആചാരങ്ങൾ അതേപടി തുടരണമെന്നാണ് കോടതി നിരീക്ഷണം. തന്ത്രി കുടുംബത്തിന്‍റെ ഹര്‍ജിയില്‍ എതിര്‍കക്ഷികളായ ദേവസ്വം ബോർഡിന് കോടതി നോട്ടീസയച്ചു.
ഗുരുവായൂർ ക്ഷേത്ര വെബ്‌സൈറ്റിലെ പൂജ പട്ടിക അതുപോലെ നിലനിര്‍ത്തണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ഉദയാസ്തമന പൂജ വഴിപാടാണ് ആചാരമല്ലെന്നായിരുന്നു ഗുരുവായൂർ ദേവസ്വം ബോര്‍ഡിൻ്റെ വാദം. തിരക്ക് നിയന്ത്രിക്കാനായി പ്രതിഷ്ഠയ്ക്കുള്ള പൂജ ഒഴിവാക്കാനാകുമോയെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാൻ ഭരണസമിതി മറ്റുമാർഗങ്ങൾ കണ്ടെത്തണമായിരുന്നുവെന്നും കോടതി പറഞ്ഞു.
വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമന പൂജ ആചാരത്തിൻ്റെ ഭാഗമാണെന്നാണ് തന്ത്രി കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിരാകുമെന്ന വാദവുമായി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉദയാസ്തമയ പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും അഭിഭാഷകൻ എ. കാർത്തിക് മുഖേനെ ഫയൽ ചെയ്ത ഹർജിയിൽ പറഞ്ഞിരുന്നു. പൂജ മാറ്റണമെങ്കിൽ അഷ്ടമംഗല്യ പ്രശ്‌നം വയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപെടുന്നു.
കഴിഞ്ഞ ദിവസം ഉദയാസ്തമനപൂജയുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് തന്ത്രി കുടുംബം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നുമാണ് തന്ത്രിയുടെ അഭിപ്രായമെന്നായിരുന്നു ദേവസ്വം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. പൂജ മാറ്റുന്നതിൽ ദേവഹിതം നോക്കിയതായും ദേവസ്വം അറിയിച്ചിരുന്നു. ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയത് ശ്രീകോവിൽ അധിക സമയം അടച്ചിടാതെ ദർശനം സുഗമമാക്കുന്നതിനു വേണ്ടിയാണെന്നാണ് ദേവസ്വത്തിന്റെ നിലപാട്.
ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് തന്ത്രി കുടുംബം സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചത്. ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്ന തന്ത്രിയുടെ അഭിപ്രായത്തിലും ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.