കേണല്‍ സോഫിയ ഖുറേഷിക്കെതിരായ മധ്യപ്രദേശിലെ ബിജെപി മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും എന്ത് തരം മാപ്പാണ് നിങ്ങളുടേതെന്നും സുപ്രീം കോടതി ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായോട് ചോദിച്ചു. മന്ത്രി അന്വേഷണം നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സമിതിയെ ഇതിനായി സുപ്രീം കോടതി നിയോഗിച്ചു.
ഐജി റാങ്കില്‍ കുറയാത്ത ഐപിഎസ് ഉദ്യോഗസ്ഥരാണ് സമിതി അംഗങ്ങള്‍. മൂന്ന് അംഗങ്ങളും സംസ്ഥാനത്തിന് പുറത്തുള്ളവരായിരിക്കണം. മന്ത്രി അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. അതേസമയം വിജയ് ഷായുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്.
മന്ത്രിയുടെ വാക്കുകള്‍ ഏറെ നിര്‍ഭാഗ്യകരമാണ്. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതെന്നും സുപ്രീം കോടതി പറഞ്ഞു. മന്ത്രിയുടെ ഖേദ പ്രകടനം അംഗീകരിക്കുന്നില്ല. രാജ്യത്തിന്റെ വികാരം മനിസിലാക്കാതെയാണ് മന്ത്രി പെരുമാറിയതെന്നും സുപ്രീം കോടതി പറഞ്ഞു.
മന്ത്രിക്കെതിരെ കേസെടുത്ത മധ്യപ്രദേശ് ഹൈക്കോടതി നിലപാടിനെ സുപ്രീം കോടതി അനുകൂലിക്കുകയും ചെയ്തു. പ്രസംഗത്തിന്റെ പ്രത്യാഘാതം മന്ത്രി നേരിടണം. നിയമം അതിന്റേതായ വഴിക്ക് പോകട്ടെ. കേസിനെ രാഷ്ട്രീയ വത്കരിക്കാന്‍ അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
"കേണല്‍ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരി എന്നായിരുന്നു വിജയ് ഷാ വിശേഷിപ്പിച്ചത്. 'നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം അവര്‍ തുടച്ചുമാറ്റി. അവരെ പാഠം പഠിപ്പിക്കാന്‍ അവരുടെ സഹോദരിയെ തന്നെ നമ്മള്‍ ഉപയോഗിച്ചു," മന്ത്രി പറഞ്ഞു. ഷായുടെ പരാമര്‍ശങ്ങള്‍ വര്‍ഗീയ സ്വഭാവമുള്ളതും അവഹേളിക്കുന്നതുമാണ്. ആയതിനാല്‍ ഗുരുതരമായ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
അതേസമയം, സംഭവം വിവാദമായതോടെ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ പത്തു തവണ മാപ്പ് പറയാന്‍ തയ്യാറെന്ന് മന്ത്രി കുന്‍വര്‍ വിജയ് ഷാ അറിയിച്ചിരുന്നു. ഷായുടെ പരാമര്‍ശങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.