NEWSROOM

"മാപ്പ് പറയണം, കുറച്ചെങ്കിലും വിവേകം കാണിച്ചൂടെ?"; കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീം കോടതി

പരാമര്‍ശത്തില്‍ മന്ത്രി കുന്‍വര്‍ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Author : ന്യൂസ് ഡെസ്ക്


കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്നും നിരുത്തരവാദപരമാണെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി പറഞ്ഞു. ഹൈക്കോടതിയില്‍ മാപ്പ് പറയാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.



"എന്ത് തരം പ്രസ്താവനയാണ് നിങ്ങള്‍ നടത്തുന്നത്? കുറച്ചെങ്കിലും വിവേകം കാണിക്കൂ. ഹൈക്കോടതിയില്‍ മാപ്പ് പറയണം," സുപ്രീം കോടതി പറഞ്ഞു.



പരാമര്‍ശത്തില്‍ മന്ത്രി കുന്‍വര്‍ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേണല്‍ സോഫിയ ഖുറേഷി ഭീകരരുടെ സഹോദരിയെന്നാണ് ബിജെപി മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പരമാര്‍ശം പ്രഥമദൃഷ്ട്യാ കുറ്റമാണെന്നും കോടതി അറിയിച്ചിരുന്നു.

ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയെയും കുറ്റകരമാക്കുന്ന ബിഎന്‍എസ് സെക്ഷന്‍ 152 പ്രകാരം മന്ത്രി പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ജസ്റ്റിസ് അതുല്‍ ശ്രീധരന്‍, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്.

മന്ത്രിക്കെതിരെ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഡിജിപി എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യ നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

'നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം അവര്‍ തുടച്ചുമാറ്റി. അവരെ പാഠം പഠിപ്പിക്കാന്‍ അവരുടെ സഹോദരിയെ തന്നെ നമ്മള്‍ ഉപയോഗിച്ചു,' എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഷായുടെ പരാമര്‍ശങ്ങള്‍ വര്‍ഗീയ സ്വഭാവമുള്ളതും അവഹേളിക്കുന്നതുമാണ്. ആയതിനാല്‍ ഗുരുതരമായ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ പത്തു തവണ മാപ്പു പറയാന്‍ തയ്യാറെന്ന് മന്ത്രി കുന്‍വര്‍ വിജയ് ഷാ അറിയിച്ചിരുന്നു. ഷായുടെ പരാമര്‍ശങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. 'അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍' നടത്തിയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

'ബിജെപി-ആര്‍എസ്എസ് മനോഭാവം എപ്പോഴും സ്ത്രീവിരുദ്ധമാണ്. അവര്‍ ആദ്യം, പഹല്‍ഗാമില്‍ രക്തസാക്ഷിത്വം വരിച്ച നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തി. പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചു. ഇപ്പോള്‍ സോഫിയ ഖുറേഷിയെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നു' ഖാര്‍ഗെ പറഞ്ഞു.

SCROLL FOR NEXT