NEWSROOM

'മാന്യത പാലിക്കണം'; രണ്‍വീര്‍ അലഹബാദിയയ്ക്ക് ഷോ തുടരാന്‍ സുപ്രീം കോടതി അനുമതി

സമയ് റെയ്‌ന അവതാരകനായ ഇന്ത്യാ'സ് ഗോട്ട് ലേറ്റന്റ് എന്ന പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

Author : ന്യൂസ് ഡെസ്ക്


റിയാലിറ്റി ഷോയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ യൂട്യൂബര്‍ രണ്‍വീര്‍ അലഹബാദിയയ്ക്ക് ആശ്വാസം. ഷോകള്‍ തുടരാന്‍ രണ്‍വീറിന് സുപ്രീം കോടതി അനുമതി നല്‍കി. രണ്‍വീര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

280 ഓളം വരുന്ന തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ ജീവിതമാണ് ഈ പരിപാടിയെന്നുമായിരുന്നു പരിപാടി നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ രണ്‍വീര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

പോഡ്കാസ്റ്റ് റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളുകയും ചെയ്തു. ഉള്ളടക്കങ്ങളില്‍ മാന്യതയും ധാര്‍മികതയും പാലിക്കണമെന്ന് അനുമതി നല്‍കവെ സുപ്രീം കോടതി വ്യക്തമാക്കി.

'നിലവില്‍ പോഡ്കാസ്റ്റ് പബ്ലിഷ് ചെയ്യുന്നതിന് തടസ്സങ്ങളില്ല. മാന്യതയും ധാര്‍മികതയുമുള്ള പോഡ്കാസ്റ്റ് കണ്ടന്റുകളായിരിക്കണം നല്‍കേണ്ടതെന്ന ഉറപ്പിന്മേലാണ് അനുമതി നല്‍കുന്നത്. അതായത് ഏത് പ്രായപരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്കും അപ്പോള്‍ ഈ പരിപാടി കേള്‍ക്കാന്‍ സാധിക്കും,' സുപ്രീം കോടതി പറഞ്ഞു.

സമയ് റെയ്‌ന അവതാരകനായ ഇന്ത്യാ'സ് ഗോട്ട് ലേറ്റന്റ് എന്ന പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഷോയിലെ കണ്ടസ്റ്റന്റിനോട് ചോദിക്കുന്ന ചോദ്യമാണ് വലിയ തോതില്‍ പ്രതിഷേധത്തിനിടയാക്കിയത്. മാതാപിതാക്കള്‍ക്കിടയിലെ ലൈംഗികതയെ കുറിച്ച് അശ്ലീലം പറഞ്ഞുവെന്നാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

ഗുവാഹത്തി സ്വദേശിയായ ഒരാള്‍ ഔദ്യോഗികമായി പരാതി നല്‍കിയതിനെ തുടര്‍ന്ന് അസം പൊലീസ് അശ്ലീലം,പൊതു സദാചാരം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അല്ലാഹ്ബാദിയ, റെയ്ന, ആശിഷ് ചഞ്ച്ലാനി, ജസ്പ്രീത് സിംഗ്, അപൂര്‍വ മഖിജ, എന്നീ അവതാരകരും ഉള്‍പ്പെടുന്നു.

SCROLL FOR NEXT