NEWSROOM

"ജൂഡീഷ്യറിയുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുന്ന രീതിയിൽ സംസാരിക്കരുത്"; അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് താക്കീത് നൽകി സുപ്രീംകോടതി കൊളീജിയം

ഇന്ത്യയിൽ ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരമാണ് ഭരണം നടക്കുകയെന്നായിരുന്നു ശേഖർ കുമാർ യാദവിൻ്റെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

വിഎച്ച്‌പി വേദിയിലെ വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് താക്കീത്. സുപ്രീംകോടതി കോളീജിയമാണ് ശേഖർ കുമാർ യാദവിന് താക്കീത് നൽകിയത്. ജൂഡീഷ്യറിയുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുന്ന രീതിയിൽ സംസാരിക്കരുതെന്നാണ് സുപ്രീംകോടതി കൊളീജിയത്തിൻ്റെ ശാസന. വിവാദ പ്രസംഗത്തെ കുറിച്ച് വിശദീകരണം നൽകാൻ ജഡ്ജി ശേഖർ കുമാർ ഹാജരായപ്പോൾ, കൊളീജിയം അതൃപ്തി അറിയിക്കുകയായിരുന്നു.


ഇന്ത്യയിൽ ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരമാണ് ഭരണം നടക്കുകയെന്നായിരുന്നു ശേഖർ കുമാർ യാദവിൻ്റെ പ്രസ്താവന. ഇത്തരം വിവാദ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന് കൊളീജിയം വ്യക്തമാക്കി. എന്നാൽ തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് മാധ്യമങ്ങൾ വിവാദമാക്കുകയായിരുന്നെന്ന വിശദീകരണമാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് സുപ്രീംകോടതിയിൽ നൽകിയത്. ഇത് തൃപ്തികരമല്ലെന്ന് കൊളീജിയം വ്യക്തമാക്കി. മുൻവിചാരം ഇല്ലാതെ പരാമർശങ്ങൾ നടത്തരുതെന്നും കൊളീജിയം ശാസിച്ചു.

അലഹബാദ് ഹൈക്കോടതി ലൈബ്രറി ഹാളിൽ വിശ്വ ഹിന്ദു പരിഷത്ത് ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജഡ്ജി ശേഖർ കുമാർ യാദവ് വിവാദ പരാമർശം നടത്തിയത്. ഇന്ത്യയിലെ നിയമം ഭൂരിപക്ഷത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന ഗുരുതര പ്രസ്താവനയായിരുന്നു ശേഖർ കുമാർ യാദവ് നടത്തിയത്. ഭൂരിപക്ഷത്തിൻ്റെ ക്ഷേമത്തിനും സന്തോഷത്തിനും പ്രയോജനമുണ്ടാവുന്ന കാര്യങ്ങൾ മാത്രമേ അംഗീകരിക്കാൻ കഴിയൂ. സത്യങ്ങൾ വിളിച്ചു പറയാൻ തനിക്ക് മടിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ശേഖർ കുമാറിൻ്റെ പ്രസ്താവന.

തീവ്രവലതുപക്ഷപരവും വലിയ വിവാദവുമായ പരാമർശങ്ങൾ ജഡ്ജി ശേഖർ കുമാർ യാദവ് മുമ്പും നടത്തിയിരുന്നു. പശുവിനെ ദേശീയ മൃഗമാക്കണമെന്നും, പശു ഓക്സിജൻ ശ്വസിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്ന ജീവിയാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നതെന്നും ശേഖർ കുമാർ പറഞ്ഞിരുന്നു. പശുവിനെ കശാപ്പ് ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു ഈ പരാമർശം.

SCROLL FOR NEXT