NEWSROOM

അജ്മൽ കസബിന് പോലും ന്യായമായ വിചാരണ ലഭിച്ച സ്ഥലമാണ് ഇന്ത്യ; യാസിൻ മാലിക് കേസിൽ വിമർശനവുമായി സുപ്രീംകോടതി

യാസിൻ മാലിക്കിനെ വിചാരണയ്ക്കായി കോടതിയിൽ നേരിട്ട് ഹാജരാവാൻ അനുമതി നൽകിയതിനെതിരെ സിബിഐ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം

Author : ന്യൂസ് ഡെസ്ക്


കശ്മീർ രാഷ്ട്രവാദിയായ യാസിൻ മാലിക്ക് കേസിൽ സിബിഐയെ വിമർശിച്ച് സുപ്രീം കോടതി. തീവ്രവാദിയായ അജ്മൽ കസബിന് പോലും നീതിയുക്തമായ വിചാരണയാണ് നൽകിയതെന്നായിരുന്നു കോടതിയുടെ പരാമർശം. യാസിൻ മാലിക്കിനെ വിചാരണയ്ക്കായി കോടതിയിൽ നേരിട്ട് ഹാജരാവാൻ അനുമതി നൽകിയതിനെതിരെ സിബിഐ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.

1990 ൽ നാല് എയർഫോഴ്സ് ഓഫീസർമാരെ കൊലപ്പെടുത്തുകയും, 1989 ൽ അന്നത്തെ ആഭ്യന്തരമന്ത്രിയുടെ മകൾ റുബിയ സയീദിനെ തട്ടികൊണ്ടു പോവുകയും ചെയ്ത സംഭവത്തിലാണ് യാസിനെതിരായ കേസ്. യാസിനെ ഹാജരാക്കാനുള്ള ജമ്മു കോടതി ഉത്തരവിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനു പോലും ന്യായമായ വിചാരണ ലഭിച്ച സ്ഥലമാണ് ഇന്ത്യയെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു.

ഈ കേസിന്‍റെ വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്നായിരുന്നു യാസിന്റെ ആവശ്യം. ജമ്മുകശ്മീർ കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. തീവ്രവാദ ഫണ്ട് സ്വീകരിച്ച കേസിൽ ഇപ്പോൾ തിഹാർ ജയിലിലാണ് യാസിൻ മാലിക് കഴിയുന്നത്. യാസിനെ ജമ്മുവിൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും സുരക്ഷാ പ്രശ്നമുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

യാസിനെ കശ്മീരിൽ എത്തിക്കുന്നത് സ്ഥലത്തെ അന്തരീക്ഷം താറുമാറാക്കും, സാക്ഷികളുടെ ജീവൻ അപകടത്തിലാക്കുമെന്നും തുഷാർ മേത്ത വാദിച്ചു. നേരിട്ട് ഹാജരാക്കണമെന്ന വാദത്തിൽ യാസിൻ മാലിക്ക് ഉറച്ച് നിന്നാൽ വിചാരണ ഡൽഹിയിലേക്ക് മാറ്റാമെന്നും മേത്ത കോടതിയെ അറിയിച്ചു. എന്നാൽ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി മോശമായ ഇടത്ത് ക്രോസ് എക്സാമിനേഷൻ എങ്ങനെ നടത്തുമെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

SCROLL FOR NEXT