NEWSROOM

സിവില്‍ തര്‍ക്കങ്ങള്‍ ക്രിമിനല്‍ കേസുകളാക്കുന്നത് അവസാനിപ്പിക്കണം; യു.പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ഇത്തരം നടപടികൾ തുടര്‍ന്നാല്‍ പിഴയീടാക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി

Author : ന്യൂസ് ഡെസ്ക്


ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സിവില്‍ തര്‍ക്കങ്ങള്‍ ക്രിമിനല്‍ കേസുകളാക്കിയ യുപി പൊലീസിന്റെ നടപടിക്കാണ് കടുത്ത വിമര്‍ശനം. പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സംസ്ഥാനത്ത് നിയമവാഴ്ച സമ്പൂര്‍ണ്ണമായും തകര്‍ന്നുവെന്നും കോടതി പറഞ്ഞു.

'യുപിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എല്ലാ ദിവസവും സിവില്‍ തര്‍ക്കങ്ങള്‍ എല്ലാം തന്നെ ക്രിമിനല്‍ കുറ്റങ്ങളായി മാറ്റപ്പെടുന്നു. ഇത് നിയമവാഴ്ചയുടെ പൂര്‍ണമായ തകര്‍ച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്,' എന്ന് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

നടപടി തുടര്‍ന്നാല്‍ പിഴയീടാക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. വിശദമായ സത്യവാങ്മൂലം നല്‍കാന്‍ യുപി ഡിജിപിക്ക് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കകം നല്‍കാനാണ് നിര്‍ദേശം. അതുവരെ ഇത്തരം കേസുകളുടെ വിചാരണ നിര്‍ത്തിവെക്കുമെന്നും കോടതി പറഞ്ഞു.

സിവില്‍ തര്‍ക്കങ്ങള്‍ തീരാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നത് കൊണ്ടാണ് ക്രിമിനല്‍ കേസ് വകുപ്പുകള്‍ ചുമത്തുന്നതെന്നായിരുന്നു യുപി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചത്. യുപി പൊലീസിന്റെ മറുപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച കോടതി ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ പിഴയീടാക്കുമെന്നും അറിയിക്കുകയായിരുന്നു.


സിവില്‍ തര്‍ക്കങ്ങള്‍ ക്രിമിനല്‍ കേസാക്കി മാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ യുപി പൊലീസ് മേധാവിയോട് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ പൊലീസ് മേധാവിക്കെതിരെ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.



SCROLL FOR NEXT