NEWSROOM

"തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ സത്യപ്രതിജ്ഞ നിർത്തിവെക്കണമെന്നാണോ?''; ഹരിയാനയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി

വോട്ടെണ്ണലില്‍ ക്രമക്കേട് ഉന്നയിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഹരിയാനയിലെ 20 നിയമസഭാ സീറ്റുകളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി. വോട്ടെണ്ണല്‍ മെഷീനുകളില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രിയ മിശ്ര, വികാസ് ബന്‍സല്‍ എന്നിവരാണ് പൊതുതാല്‍പ്പര്യ ഹർജി  സമർപ്പിച്ചത്.

കേസ് കോടതി അടിയന്തരമായി പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തോട് രൂക്ഷമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്.

"തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞങ്ങൾ നിർത്തിവയ്ക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  നിങ്ങള്‍ക്ക് മുന്നറിയിപ്പ് നിൽക്കുകയാണ്... ഞങ്ങൾ നിങ്ങളുടെ മേല്‍ ചെലവുകൾ ചുമത്തും", ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.


വോട്ടെണ്ണലില്‍ ക്രമക്കേട് ഉന്നയിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. എന്നാല്‍, വിഷയം പരിശോധിച്ച ബെഞ്ച് ഹർജി തള്ളുകയായിരുന്നു. "എന്തുതരം ഹർജിയാണിത്?",  ഹർജി തള്ളുന്നതിനു മുന്‍പ് ഡി.വൈ. ചന്ദ്രചൂഢ് ചോദിച്ചു.

2024 ഒക്ടോബർ 8ന് വോട്ടെണ്ണലിനു ശേഷവും ചില ഇവിഎമ്മുകൾ 99 ശതമാനം ബാറ്ററി ചാർജ് നിലനിന്നിരുന്നു. എന്നാല്‍ മറ്റു ചിലതില്‍ 60-70 ശതമാനം ബാറ്ററി ചാർജാണ് ശേഷിച്ചിരുന്നതെന്നും ഹർജിയില്‍ പറയുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞിട്ടും ഇത്രയും ചാർജ് ബാക്കി വന്നതിലാണ് ക്രമക്കേട് ആരോപണങ്ങള്‍ ഉയർന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട, വോട്ട് ചെയ്തവരുടെ എണ്ണമടക്കം ചൂണ്ടിക്കാട്ടി ഈ വാദത്തെ സാധൂകരിക്കാനാണ് ഹർജിക്കാർ ശ്രമിച്ചത്. ഇത് പരിശോധിക്കാനായി ഫോം 17 സി സഹിതം പോളിംഗ് ഡാറ്റ പ്രസിദ്ധീകരിക്കാനും ഇവിഎം മെഷീനുകളും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സർട്ടിഫിക്കറ്റുകളും സൂക്ഷിക്കാനും  തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Also Read: 25 ലക്ഷം കരാർ, പാകിസ്താനിൽ നിന്ന് ആയുധങ്ങൾ, 18 വയസിൽ തഴെയുള്ള ആൺകുട്ടികൾ; സൽമാൻ ഖാനെ കൊലപ്പെടുത്താൻ സിനിമ സ്റ്റൈൽ ആസൂത്രണം

ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് മൂന്നാം തവണയും വിജയിച്ചത്. ഇന്നാണ് ഹരിയാന മുഖ്യമന്ത്രിയായി ബിജെപി നേതാവ് നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തത്. ഒക്‌ടോബർ എട്ടിന് ഫലം പ്രഖ്യാപിച്ചതിനു ശേഷം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാനയിലെ വിവിധ മണ്ഡലങ്ങളിലെ  വോട്ടെണ്ണലില്‍ ക്രമക്കേടുകള്‍ നടന്നതായി പരാതികള്‍ ഉയരുന്നുവെന്ന് ആരോപിച്ചിരുന്നു.


SCROLL FOR NEXT