NEWSROOM

വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് പൊതുനിയമ പ്രകാരം ജീവനാംശം ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി

മുൻ ഭാര്യയ്ക്ക് 10,000 രൂപ ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവ് സമർപിച്ച ഹർജിയിലാണ് ഉത്തരവ്.

Author : ന്യൂസ് ഡെസ്ക്

വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് പൊതു നിയമ പ്രകാരം ജീവനാംശം ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി. മുസ്ലിം സ്ത്രീകൾക്ക് വിവാഹ മോചനത്തിന് ശേഷം ഭർത്താവിൽ നിന്ന് ജീവനാശം നേടുന്നതിനായി ക്രിമിനൽ പ്രൊസീജിയറിന്റെ സെക്ഷൻ 125 പ്രകാരം പരാതി നൽകാമെന്നും സുപ്രീം കോടതി നിർണായക വിധിയിൽ പറഞ്ഞു. മുൻ ഭാര്യയ്ക്ക് 10,000 രൂപ ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവ് സമർപിച്ച ഹർജിയിലാണ് ഉത്തരവ്.

വിവാഹ ശേഷം ജീവനാംശം നൽകുന്നതിനുള്ള കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ഭർത്താവിന്റെ ഹർജി, ജസ്റ്റിസ് ബി.വി. നാഗരത്നയും അഗസ്റ്റിൻ ജോർജ് മാസിഹും അടങ്ങിയ ബെഞ്ച് തള്ളി. സെക്യുലർ നിയമത്തിന് മുകളിൽ 1986ലെ മുസ്ലിം വുമൺ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ ഡിവോഴ്സ്) ആക്ട് വരില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മറ്റു സ്ത്രീകളെ പോലെ മുസ്ലിം സ്ത്രീകൾക്കും ക്രിമിനൽ നടപടി ചട്ടം ബാധകമാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

1986ലെ മുസ്ലീം സ്ത്രീ വിവാഹ മോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സെക്ഷൻ 125 സിആർപിസി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. ഭര്‍ത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ട്. മതേതര നിയമത്തിന് മുകളില്‍ മറ്റ് നിയമങ്ങള്‍ നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

SCROLL FOR NEXT