NEWSROOM

സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കി പൊലീസ്; ഉത്തര്‍പ്രദേശ് സർക്കാരിന് 50,000 രൂപ പിഴയിട്ട് സുപ്രീം കോടതി

കുറ്റക്കാരായ പൊലീസുകാരിൽ നിന്ന് ഈ തുക സംസ്ഥാന സർക്കാരിന് ഈടാക്കാമെന്നും കോടതി വാക്കാൽ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കിയ പൊലീസിൻ്റെ നടപടിയിൽ ഉത്തര്‍പ്രദേശ് സർക്കാരിന് പിഴ ചുമത്തി സുപ്രീം കോടതി. 50,000 രൂപ പിഴ നൽകണമെന്നാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നിർദേശം. കുറ്റക്കാരായ പൊലീസുകാരിൽ നിന്ന് ഈ തുക സംസ്ഥാന സർക്കാരിന് ഈടാക്കാമെന്നും കോടതി വാക്കാൽ പറഞ്ഞു.

സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന രീതിയെ ചീഫ് ജസ്റ്റിസ് അപലപിച്ചു. "സിവിൽ കേസുകളിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നത് അംഗീകരിക്കാനാവില്ല," അദ്ദേഹം പറഞ്ഞു. മുൻപും യുപി പൊലീസിൻ്റെ സമാന നടപടിയെ കോടതി വിമർശിച്ചിരുന്നു.

യുപിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എല്ലാ ദിവസവും സിവില്‍ തര്‍ക്കങ്ങള്‍ എല്ലാം തന്നെ ക്രിമിനല്‍ കുറ്റങ്ങളായി മാറ്റപ്പെടുന്നു. ഇത് നിയമവാഴ്ചയുടെ പൂര്‍ണമായ തകര്‍ച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് നിയമവാഴ്ച സമ്പൂര്‍ണ്ണമായും തകര്‍ന്നുവെന്നും കോടതി മുൻപ് പറഞ്ഞിരുന്നു.

നടപടി തുടര്‍ന്നാല്‍ പിഴയീടാക്കുമെന്നും വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും യുപി ഡിജിപിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, സിവില്‍ തര്‍ക്കങ്ങള്‍ തീരാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നത് കൊണ്ടാണ് ക്രിമിനല്‍ കേസ് വകുപ്പുകള്‍ ചുമത്തുന്നതെന്നായിരുന്നു യുപി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ ഇത്തരം രീതികൾ അവസാനിപ്പിച്ചില്ലെങ്കില്‍ പൊലീസ് മേധാവിക്കെതിരെ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

SCROLL FOR NEXT