ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാർട്ടി കമ്മ്യൂണിക്കേഷന്‍സ് ഇന്‍ ചാർജ് വിജയ് നായർക്ക് ജാമ്യം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി വിജയ്‌യെ പ്രതിചേർത്തിരിക്കുന്നത്. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റേതാണ് വിധി.
സമയബന്ധിതമായി വിചാരണ പൂർത്തിയാക്കുമെന്ന് കോടതിക്ക് ഉറപ്പ് നല്‍കിയിട്ടും ഇഡിക്ക് അതിനു കഴിഞ്ഞില്ലെന്നും ഇനിയും 350 സാക്ഷികളെ കൂടി വിസ്തരിക്കണമെന്നാണ് പറയുന്നതെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്. വി. എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മനീഷ് സിസോദിയയുടെ കേസ് പരിഗണിക്കവെയാണ് ഇഡി കോടതിക്ക് ഇങ്ങനെ ഒരു ഉറപ്പ് നല്‍കിയത്. മാത്രമല്ല, വിജയ് ഈ കേസില്‍ 23 മാസമായി കസ്റ്റഡിയിലാണെന്നും വിചാരണ തന്നെ ശിക്ഷയായി മാറാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കോടതി വിജയ് നായർക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയില്‍ ഡല്‍ഹി ഹൈക്കോടതി വിജയ്‌ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിജയ്‌യുടെ വക്കീല്‍ ബിനിസ മൊഹന്തി പരമോന്നത
കോടതിയില്‍ ജാമ്യ ഹർജി സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും വിജയ് നേരിടുന്നുണ്ട്. 2022 നവംബറില്‍ സിബിഐ കേസില്‍ വിജയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നു.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ഉള്‍പ്പടെ വിവിധ എഎപി നേതാക്കളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. സിസോദിയയ്ക്കും കവിതയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും കെജ്‌രിവാൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്