NEWSROOM

രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങൾ നല്‍കണം; മുത്തലാഖ് വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി

മുത്തലാഖ് ചൊല്ലുന്നത് ക്രിമനില്‍ കുറ്റമാക്കിയത് ചോദ്യം ചെയ്ത് മുസ്ലീം സംഘടനകൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം

Author : ന്യൂസ് ഡെസ്ക്


മുത്തലാഖ് ചൊല്ലിയതിന് മുസ്ലീം പുരുഷന്മാർക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. മുത്തലാഖ് ചൊല്ലുന്നത് ക്രിമനില്‍ കുറ്റമാക്കിയത് ചോദ്യം ചെയ്ത് മുസ്ലീം സംഘടനകൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കേസിൽ, മാർച്ച് 17 ന് അന്തിമവാദം കേൾക്കും.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് കേന്ദ്രത്തോടും മറ്റ് കക്ഷികളോടും വാദങ്ങൾ സംബന്ധിച്ച തെളിവുകൾ രേഖാമൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചത്. 2019 ലെ മുസ്‌ലിം സ്ത്രീ വിവാഹാവകാശ സംരക്ഷണ നിയമത്തിൻ്റെ 3, 4 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത മൊത്തം എഫ്ഐആറുകളുടെ എണ്ണം, തുടര്‍നടപടികൾ എന്നിവ നൽകാൻ ബെഞ്ച് ആവശ്യപ്പെട്ടു. ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങളും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റേതെങ്കിലും സമുദായത്തിൽപ്പെട്ട പുരുഷൻ ഭാര്യയെ ഉപേക്ഷിക്കുന്നത് ഒരു കുറ്റമായി കണക്കാക്കാത്തതിനാൽ ഈ നിയമം മുസ്ലീം സമുദായത്തോടുള്ള വിവേചനത്തിന് കാരണമാണെന്നാണ് ഹർജിക്കാരുടെ വാദം. നിലവിലുള്ള ഗാർഹിക പീഡന നിയമങ്ങൾ ഉപയോഗിച്ച് പ്രശ്നം കൈകാര്യം ചെയ്യാമെന്നും പ്രത്യേക ക്രിമിനൽ നിയമം അനാവശ്യമാണെന്നും ഹർജിക്കാർ വാദിച്ചു.

മുത്തലാഖ് ചൊല്ലിയാലും വിവാഹമോചനമാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മുത്തലാഖ് സാധുവാക്കണമെന്നല്ല ഹർജിക്കാർ വാദിക്കുന്നതെന്നും എന്നാൽ അത് ക്രിമിനൽ വൽക്കരിക്കുന്നതിനെ എതിർക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

SCROLL FOR NEXT