NEWSROOM

'പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ല'; വിവാദ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ

വിധി എഴുതിയ ജഡ്ജിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നും സുപ്രീം കോടതി

Author : ന്യൂസ് ഡെസ്ക്

പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. വിവാദ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.

വിധി എഴുതിയ ജഡ്ജിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

അലഹബാദ് ഹൈക്കോടതി വിധി ന്യായത്തിലെ ചില നിരീക്ഷണങ്ങള്‍ വേദനാജനകമാണെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുക, പൈജാമയുടെ ചരട് വലിച്ച് പൊട്ടിക്കുക തുടങ്ങിയവയ്ക്ക് ബലാത്സംഗക്കുറ്റം ചുമത്താനാകില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. ഐപിസി 376 (ബലാത്സംഗ ശ്രമം) വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ സമന്‍സ് അയച്ച കീഴ്ക്കോടതിയുടെ ഉത്തരവിനെതിരെ രണ്ട് പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.

2021ലാണ് പ്രതികളായ പവനും ആകാശും 11 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. ഇരയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയും, അവരില്‍ ഒരാളായ ആകാശ് അവളുടെ പൈജാമയുടെ ചരട് പൊട്ടിച്ച് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, അതിനിടയില്‍, വഴിയാത്രക്കാരും മറ്റുള്ളരും ഇടപെട്ടു. അതോടെ, പ്രതികള്‍ ഇരയെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു.


പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന ബലാത്സംഗ ശ്രമമോ അല്ലെങ്കില്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതോ ആയ കേസാണെന്ന് കണ്ടെത്തി, ബന്ധപ്പെട്ട വിചാരണ കോടതി പോക്‌സോ നിയമപ്രകാരമുള്ള സെക്ഷന്‍ 376, സെക്ഷന്‍ 18 എന്നിവ ചുമത്തി. പരാതിയുടെ അടിസ്ഥാനത്തില്‍, ഐപിസി 376-ാം വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും കേസ് ഐപിസി 354, 354(ബി) വകുപ്പുകളുടെയും പോക്‌സോ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളുടെയും പരിധിക്കപ്പുറത്തേക്ക് പോകുന്നില്ലെന്നും വാദിച്ചുകൊണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

SCROLL FOR NEXT