NEWSROOM

"ഇഷ ഫൗണ്ടേഷനെതിരായ പൊലീസ് അന്വേഷണം അവസാനിപ്പിക്കണം"; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടിങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

Author : ന്യൂസ് ഡെസ്ക്



സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ ക്രിമിനൽ കേസുകൾ അന്വേഷിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. മദ്രാസ് കോടതി വിധിക്കെതിരെ ഇഷ ഫൗണ്ടേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. കേസിലെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടിങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒക്ടോബർ 18ന് കേസിൻ്റെ തുടർവാദം കേൾക്കും.

മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്ത്തഗി വിഷയത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് 150 ഓളം പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിനായി ആശ്രമത്തിൽ പ്രവേശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ മുകുൾ, ഇന്ന് തന്നെ അടിയന്തര വാദം കേൾക്കണമെന്ന് കോടതിയോട് അഭ്യർഥിച്ചു.

"ഇത് മതസ്വാതന്ത്ര്യത്തിൻ്റെ വിഷയമാണ്. വളരെ അടിയന്തിരവും ഗൗരവമേറിയതുമായ കേസുമാണ്. ഇഷ ഫൗണ്ടേഷന് പിന്നിൽ ആദരണീയനും ലക്ഷക്കണക്കിന് അനുയായികളുമുള്ള സദ്ഗുരു ഉണ്ട്. ഇത്തരം വാക്കാലുള്ള വാദങ്ങളിലൂടെ ഹൈക്കോടതിക്ക് അന്വേഷണങ്ങൾ ആരംഭിക്കാൻ കഴിയില്ല," കോടതി വ്യക്തമാക്കി.  ഇതുപോലൊരു സ്ഥാപനത്തിലേക്ക് പൊലീസിനെയോ സൈന്യത്തെയോ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് ബെഞ്ച് ചൂണ്ടികാട്ടി. വിഷയത്തിൽ മദ്രാസ് ഹൈക്കോടതി കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരുന്നെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഭിപ്രായപ്പെട്ടു.

തന്റെ വിദ്യാസമ്പന്നരായ രണ്ട് പെണ്‍കുട്ടികളെ സദ്ഗുരു 'ബ്രെയിന്‍വാഷ്' ചെയ്ത് ഇഷ യോഗ സെന്ററിനെ സ്ഥിരം അന്തേവാസികളാക്കി മാറ്റിയെന്ന കോയമ്പത്തൂർ സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവ്. കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വകലാശാലയിൽ മുന്‍ അധ്യാപകനായ എസ്. കാമരാജാണ് സദ്ഗുരുവിനെതിരെ കോടതിയെ സമീപിച്ചത്. പിന്നാലെ കോടതിയിൽ ഹാജരായ യുവതികള്‍, സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ അന്തേവാസികളായി കഴിയുന്നതെന്ന് കോടതിയെ അറിയിച്ചിരുന്നു.


കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി കേസ് കൂടുതല്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും പട്ടിക തയ്യാറാക്കാനും കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്.എം സുബ്രഹ്‌മണ്യന്‍, വി. ശിവജ്ഞാനം എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെതാണ് ഉത്തരവ്.

SCROLL FOR NEXT