നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് കോടതിക്ക് തീരുമാനിക്കാവുന്ന വിഷയമല്ലെന്ന് ചൂണ്ടികാട്ടി ഹർജി തള്ളിയത്. സുഭാഷ് ചന്ദ്രബോസിൻ്റെ മരണം ദുരൂഹമായി തുടരുകയാണെന്നും, അദ്ദേഹത്തിൻ്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം.
1945ൽ തായ്‌പേയിൽ വിമാനാപകടത്തിൽ മരിച്ചുവെന്ന് രണ്ട് കമ്മീഷനുകൾ കണ്ടെത്തിയെങ്കിലും, 2006ലെ റിപ്പോർട്ടിൽ മൂന്നാമത്തെ അന്വേഷണ സമിതി ഇത് എതിർത്തുവെന്നുമായിരുന്നു പിനാക് പാനി മൊഹന്തി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ പറഞ്ഞിരുന്നത്. ബോസിൻ്റെ തിരോധാനത്തെക്കുറിച്ച് 1970ലെ ഖോസ്‌ല കമ്മീഷനും, 1956ലെ ഷാ നവാസ് കമ്മീഷനും അന്തിമ നിഗമനത്തിൽ എത്തിയിരുന്നില്ലെന്നും പൊതുതാൽപര്യ ഹർജിയിൽ പറയുന്നുണ്ട്.
ഏപ്രിലിൽ, ഹർജി പരിഗണിക്കുമ്പോൾ, ജീവിച്ചിരിപ്പില്ലാത്ത ദേശീയ നേതാക്കൾക്കെതിരെ ഉന്നയിക്കപ്പെട്ട "അശ്രദ്ധവും നിരുത്തരവാദപരവുമായ" ആരോപണങ്ങളിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഹർജിക്കാരൻ്റെ സത്യസന്ധതയെക്കുറിച്ചും കോടതി സംശയം ഉന്നയിച്ചിരുന്നു. 1945ൽ തായ്‌വാനിൽ നടന്ന വിമാനാപകടത്തിലാണ് സുഭാഷ്ചന്ദ്ര ബോസ് മരണപ്പെട്ടത്.