ബില്‍ക്കിസ് ബാനു കേസിൽ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി. പ്രതികള്‍ക്കെതിരായ വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഗുജറാത്ത് സര്‍ക്കാർ നൽകിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിലിൽ നിന്ന് വിട്ടയച്ച ഗുജറാത്ത് സർക്കാർ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി കൊണ്ട് ഉത്തരവിറക്കിയിരുന്നു. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ശിക്ഷാ ഇളവ് നൽകുന്നതിൽ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സർക്കാരിനില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുംബൈയിലെ പ്രത്യേക സിബിഐ കോടതി 2008-ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ 2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ഈ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ഗുജറാത്ത് കലാപത്തില്‍ ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു ബില്‍ക്കിസ് ബാനുവിനും കുടുംബക്കാര്‍ക്കുമെതിരെ നടന്നത്. അഞ്ചുമാസം ഗര്‍ഭിണിയായ ഇരുപത്തിയൊന്നുകാരി ബില്‍ക്കിസ് ബാനുവിനെ 2002 ലെ ഗുജറാത്ത് കലാപത്തിനിടെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.