NEWSROOM

ഹേമ കമ്മറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണം തുടരാം; ഹൈക്കോടതി നിർദേശത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മറ്റി റിപ്പോർട്ടിന്മേലുള്ള ഹൈക്കോടതി നിർദേശത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. അന്വേഷണം തടയണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിച്ചാല്‍ അന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാം. പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

മൊഴികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് അറിയിച്ച കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കുകയും ചെയ്തില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ എസ്‌ഐടി അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും ഒരു നടിയും അണിയറ പ്രവർത്തകയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർക്കും എസ്‌ഐടി ഉപദ്രവിക്കുന്നതായി പരാതിയുള്ളവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, സിനിമ കോണ്‍ക്ലേവ് നടത്താനുള്ള തീയതി ഇനിയും നിശ്ചയിച്ചിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍. കോണ്‍ക്ലേവിന് ശേഷം കരട് നിയമം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സിനിമ നയരൂപീകരണ സമിതി സ്ത്രീപക്ഷത്താണെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്ന് കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. ഹേമ കമ്മറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ദേശം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സിനിമ നയ രൂപീകരണ സമിതിയും സിനിമ കോണ്‍ക്ലേവും നടത്താന്‍ തീരുമാനിച്ചത്. കോണ്‍ക്ലേവ് നടത്താനുള്ള തിയതി കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മലയാള സിനിമ മേഖലയിലെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് കോണ്‍ക്ലേവ് നടത്തുക.

SCROLL FOR NEXT