NEWSROOM

സർക്കാരിന് ആശ്വാസം; ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തിൽ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് സുപ്രീംകോടതി

ചീഫ് സെക്രട്ടറിയും എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാരും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഹാജരാകേണ്ടതില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്


ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തിൽ ഈ മാസം 29ന് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. ചീഫ് സെക്രട്ടറിയും എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാരും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഹാജരാകേണ്ടതില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

സര്‍ക്കാരിന്റെയും യാക്കോബായ സഭയുടെയും ഹര്‍ജികളില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും. ഡിസംബര്‍ മൂന്നിനാണ് വാദം കേൾക്കുക. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ അപ്പീലിലാണ് വാദം.

സംസ്ഥാന സര്‍ക്കാരും യാക്കോബായ സഭയും നല്‍കിയ അപ്പീലുകളില്‍ സഭാ തര്‍ക്കത്തിന്റെ ഉള്ളടക്കം പരിശോധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാരിന് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാനാകുമോ എന്നതില്‍ വിശദമായ വാദം കേള്‍ക്കും. സുപ്രീംകോടതി ഉത്തരവ് എങ്ങനെ നടപ്പാക്കാനാകും എന്നതിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

SCROLL FOR NEXT